ലക്നൗ : ഒൻപത് മാസത്തിനുള്ളിൽ ഉത്തർപ്രദേശ് സന്ദർശിച്ചത് 47.61 കോടി വിനോദസഞ്ചാരികൾ . 2024 ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്ത് വന്നത് .താജ്മഹലിനെ അപേക്ഷിച്ച് രാമജന്മഭൂമിയിൽ എത്തുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവാണുള്ളത് .
ഈ കാലയളവിൽ അയോദ്ധ്യയിൽ മാത്രം 13.55 കോടി ആഭ്യന്തര വിനോദ സഞ്ചാരികളും, 3,153 വിദേശികളും എത്തി. ജനങ്ങളെ ആകർഷിക്കുന്നതിൽ രാമക്ഷേത്രത്തിനും നിർണായക പങ്കുണ്ട്. “കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അയോദ്ധ്യ പര്യടനങ്ങൾക്കുള്ള ബുക്കിംഗിൽ 70% വർധനയാണ് . രാജ്യത്തുടനീളമുള്ള ഭക്തരും സാംസ്കാരിക പ്രേമികളും ഈ ചരിത്രപരമായ പരിവർത്തനത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു“- ലഖ്‌നൗ ആസ്ഥാനമായുള്ള ട്രാവൽ ഏജൻ്റായ രാജേഷ് തിവാരി പറഞ്ഞു.
താജ്മഹലിലേക്കുള്ള മൊത്തത്തിലുള്ള വിനോദസഞ്ചാരികളുടെ എണ്ണം 27,70,340 ആണ് . “താജ്മഹൽ അന്താരാഷ്‌ട്ര വിനോദസഞ്ചാരികൾക്ക് ഇഷ്ടമുള്ള ഇടമാണ് . എങ്കിലും, ആഭ്യന്തര യാത്രക്കാർ ഇപ്പോൾ അയോദ്ധ്യയും വാരണാസിയും പോലുള്ള ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് ഇഷ്ടപ്പെടുന്നത്. “- ആഗ്രയിൽ നിന്നുള്ള ടൂർ ഓപ്പറേറ്ററായ സുരേഷ് ഗുപ്ത പറഞ്ഞു.
വാരണാസിയിൽ 6.2 കോടി ആഭ്യന്തര വിനോദ സഞ്ചാരികളും, 1.84 ലക്ഷം വിദേശ സന്ദർശകരുമെത്തി. 4,790 വിദേശികൾ ഉൾപ്പെടെ 4.80 കോടി സഞ്ചാരികൾ പ്രയാഗ്രാജിലെത്തി. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിൽ 87,229 അന്താരാഷ്‌ട്ര വിനോദസഞ്ചാരികളടക്കം 6.8 കോടി സന്ദർശകരാണ് എത്തിയത്.