കൊച്ചി: സാമൂഹിക ക്ഷേമത്തിന്റെ പ്രതിരൂപമാണ് ലോകമാതാ അഹല്യാബായി ഹോൾക്കറെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നൂറ്റാണ്ടുകൾ ക്ക് മുൻപേ സുസ്ഥിര വികസനത്തെ അഹല്യാബായി ഹോൾക്കർ പുനർനിർവ്വചിച്ചതായും സ്മൃതി ഇറാനി പറഞ്ഞു. എറണാകുളത്ത് ലോകമാതാ അഹല്യാബായി ഹോൾക്കറുടെ ത്രിശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മാൾവാ രാജ്യത്തിന്റെ മഹാറാണിയും ഭാരതത്തിന്റെ ആത്മീയ തീർത്ഥാടന കേന്ദ്രങ്ങളുടെ പരിഷ്‌കർത്താവുമായിരുന്നു ലോകമാതാ അഹല്യാബായി ഹോൾക്കർ (Ahilyabai Holkar). ഭാരതത്തിന്റെ സ്ത്രീശക്തികളിൽ ഏറ്റവും വലിയ ഉദാഹരണമായി അഹല്യാബായി ഹോൾക്കറെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.
കൊച്ചിയിൽ 51 അംഗ ആഘോഷ സമിതിയുടെ നേതൃത്വത്തിലാണ് ലോകമാതാ അഹല്യാബായി ഹോൾക്കറുടെ ത്രിശതാബ്ദിക്ക് മഹാശോഭായാത്രയും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചത്. മറൈൻഡ്രൈവിൽ നിന്ന് ആരംഭിച്ച ശോഭായാത്രയോടെ പരിപാടിക്ക് തുടക്കമായി. റാണി അഹല്യാബായി ഹോൾക്കറുടെ വേഷം ധരിച്ച 300 ബാലികമാർ, മറ്റ് കലാരൂപങ്ങൾ, വാദ്യമേളങ്ങൾ എന്നിവയെല്ലാം ശോഭായാത്രയിൽ അണിനിരന്നു. തുടർന്ന് രാജേന്ദ്ര മൈതാനിയിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ലോകമാതാ അഹല്യാബായി ഹോൾക്കറെ സാമൂഹിക ക്ഷേമത്തിന്റെ പ്രതിരൂപമെന്ന് വിശേഷിപ്പിച്ചു. ആഘോഷ സമിതി വർക്കിംഗ് പ്രസിഡന്റ് എസ്.ജെ.ആർ.കുമാർ, മഹിളാ സമന്വയ വേദി ജില്ലാ അദ്ധ്യക്ഷ വന്ദന ബാലകൃഷ്ണൻ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.