പത്തനംതിട്ട: റാന്നിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. ചെത്തോങ്കര സ്വദേശികളായ അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പിടിയിലായത്. പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാസംഘം പിടിയിലായത്. എറണാകുളത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ തന്നെ ഷാഡോ ടീമിലെ ഉദ്യോഗസ്ഥരാണ് എറണാകുളത്തെത്തി സംഘത്തെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നാലെ പ്രതികൾ എറണാകുളത്തേക്ക് കടന്നതായി സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസ് എറണാകുളത്തെത്തിയത്. നേരത്തെ മുതൽ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും കേസിൽ കൂടുതൽ വ്യക്തതവരിക.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതികൾ അമ്പാടിയെ കാറിടിച്ച് കൊലപ്പെടുത്തിയത്. റാന്നി ബിവറേജസിന് മുന്നിൽ നിന്ന് അമ്പാടി ഉൾപ്പെട്ട സംഘവും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നീട് സ്ഥലത്ത് നിന്ന് ഇരുകൂട്ടരും മടങ്ങി. രണ്ട് കാറുകളുലായി സംഘം റാന്നിയിലെ മന്ദമരുതിയിലെത്തി. തുടർന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയ അമ്പാടിയെ പുറകെയെത്തിയ ഗുണ്ടാസംഘം കാറിടിച്ച് വീഴ്‌ത്തുകയായിരുന്നു.