അയ്യപ്പസ്വാമിക്ക് മുടങ്ങാതെ ഗാനാർച്ചന സമർപ്പിക്കണമെന്ന് ആഗ്രഹവുമായി ആറാം ക്ലാസുകാരി. പത്തനംതിട്ട പെരുനാട് സ്വദേശിനിയായ ഇസബേൽ വി പ്രശാന്താണ് അയ്യന് ഗാനാർച്ചന നടത്തണമെന്ന തീവ്ര ആഗ്രഹത്തിൽ കഴിയുന്നത്. രണ്ട് തവണ മാളികപ്പുറമായി ശബരിമല സന്നിധാനത്തും തുടർന്ന് 13 തവണ പമ്പയിലും അയ്യന് സംഗീതാർച്ചന സമർപ്പിച്ചിട്ടുണ്ട്.
രണ്ട് വർഷം മുൻപാണ് ഇസബേൽ ആദ്യമായി അയ്യപ്പന് ഗാനാർച്ചന നടത്തിയത്. അന്ന് തന്റെയടുത്ത് ആരോ വന്ന് നിൽക്കുന്നത് പോലെ തോന്നിയെന്ന് ഇസബേൽ പറയുന്നു. അയ്യപ്പനാണെന്നാണ് തന്റെ വിശ്വാസമെന്നും ഇസബേൽ പറഞ്ഞു. അതിന് ശേഷം മുടങ്ങാതെ പമ്പയിൽ വന്ന് പാടാൻ തുടങ്ങി. മാളികപ്പുറം സിനിമയുമായി തന്റെ ജീവിതത്തിനേറെ സാമ്യമുണ്ടെന്നും ഇസബേൽ പറയുന്നു. ഉണ്ണി മുകുന്ദനെ കാണാനുള്ള ആഗ്രഹവും ഈ ബാലിക പങ്കുവച്ചിട്ടുണ്ട്. പാട്ടുപാടി കൊടുക്കണമെന്നത് വലിയ ആഗ്രഹമാണ്.
സംഗീത മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഇസബേൽ. അമ്മ ആശാ പ്രശാന്താണ് മകൾക്ക് കൂട്ടും പ്രോത്സാഹനവുമെല്ലാം. അച്ഛൻ മൂന്ന് വർഷം മുൻപ് മരണപ്പെട്ടു. ദമ്പതികളുടെ മൂന്ന് മക്കളിൽ ഏറ്റവും ഇളയ മകളാണ് ഇസബേൽ. വരുന്ന 41 വിളക്കിന് ശബരിമലയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചുമിടുക്കി.















