ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും പരമ്പരാഗത ഭക്ഷണശീലം പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സംരംഭവുമായി ലോക ആയുർവേദ കോൺഗ്രസ്. പരമ്പരാഗത പാചകവിധി പ്രകാരമുള്ള ആയുർവേദ ഭക്ഷണം ഉടൻ വിപണിയിൽ അവതരിപ്പിക്കും. പോഷകാഹാരക്കുറവ്, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കുറയ്‌ക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആയുർവേദ ആഹാരവും ലഘുഭക്ഷണവും ഉൽപ്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള മാർഗനിർദേശങ്ങൾക്കായി രൂപീകരിച്ച ഉന്നതതല സമിതിയിലെ അംഗങ്ങൾ ഡെറാഡൂണിൽ നടക്കുന്ന പത്താമത് ലോക ആയുർവേദ കോൺഗ്രസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആയുർവേദ ഗ്രന്ഥങ്ങൾ പിന്തുടരുന്ന 700 പാചകവിധികൾ സംരംഭത്തിലുണ്ടാകും. ആയുർവേദ മേഖലയിലെ ഭക്ഷണവൈവിധ്യം പുറത്തുകൊണ്ടുവരുന്ന പദ്ധതി ഭക്ഷ്യമേഖലയിൽ കോടിക്കണക്കിന് രൂപയുടെ ബിസിനസിനും അവസരമൊരുക്കും. ആയുർവേദ ആഹാർ റെഗുലേഷൻസ്-2022 പ്രകാരമാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.
പദ്ധതിയിൽ പോഷകാഹാര, ആയുർവേദ വിദഗ്ധരുടെ അഭിപ്രായം സ്വീകരിക്കുകയും അത്യാധുനിക ഭക്ഷ്യസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുകയും ചെയ്യും. പദ്ധതി പ്രകാരം തയ്യാറാക്കി വിപണനം ചെയ്യുന്ന ഭക്ഷണസാധനങ്ങൾ ആയുർവേദ പാരമ്പര്യത്തിന്റെ പ്രാഥമിക തത്വങ്ങൾ നിലനിർത്തുന്നുവെന്ന് ഇത് ഉറപ്പുവരുത്തും. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് (എഫ്എംസിജി) രീതിയിലായിരിക്കും വിപണനം. ഡോർ ഡെലിവറി നടത്തുന്ന ഭക്ഷണ വിതരണക്കാരെ പ്രയോജനപ്പെടുത്തുകയും സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ ഭക്ഷണശാലകളിലും ഈ ഭക്ഷണ ഇനങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യും
ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഡീംഡ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. മിത കൊടെച്ച, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഡയറക്ടർ പ്രൊഫ. തനുജ നേസരി, ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിലെ പ്രൊഫ. അനുപം ശ്രീവാസ്തവ എന്നിവർ സമിതിയിൽ ഉൾപ്പെടുന്നു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുമായും (എഫ്എസ്എസ്എ) മറ്റ് ഏജൻസികളുമായും അടുത്ത ബന്ധത്തിലാണ് പാനൽ പ്രവർത്തിക്കുന്നത്.
ഐക്യരാഷ്‌ട്രസഭയും ലോകാരോഗ്യ സംഘടനയും നിശ്ചയിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സർക്കാരിനെ സഹായിക്കുന്നതിനൊപ്പം ദാരിദ്ര്യം, പോഷകാഹാരക്കുറവ്, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും ഈ സംരംഭം വലിയ പങ്ക് വഹിക്കുമെന്ന് പ്രൊഫ. മിത കൊടേച പറഞ്ഞു. വിപണിയിലെ അനാരോഗ്യകരമായ ജങ്ക് ഫുഡ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് ബദലായി ഭാരതീയ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളെ ഈ സംരംഭം പുനരുജ്ജീവിപ്പിക്കും. നിലവിൽ വിപണിയിൽ ലഭ്യമായ ആയുർവേദ ഭക്ഷണ സാധനങ്ങളിൽ മിക്കവയും ചേരുവകളുടെ പ്രക്രിയ, ഗുണനിലവാരം, അളവ് തുടങ്ങിയ കാര്യങ്ങളിലെ ആധികാരികത പരിശോധിക്കുന്നതിൽ പരാജയപ്പെടുമെന്ന് പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.















