ചെന്നൈ: ശ്രീവില്ലിപുത്തുർ വിരുദനഗറിലെ അണ്ടാൽ ക്ഷേത്രത്തിൽ ശ്രീകോവിലിനുള്ളിൽ കയറിയതിന് പിന്നാലെ ക്ഷേത്ര ഭാരവാഹികൾ തടഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയ്‌ക്കെതിരെ സംഗീതജ്ഞൻ ഇളയരാജ. അടിസ്ഥാന രഹിതമായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്‌ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ഇത്തരം കിംവദന്തികൾ വിശ്വസിക്കരുതെന്നും ഇളയരാജ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ശ്രീകോവിലിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും തുടർന്ന് തിരിച്ചിറക്കിയെന്ന തരത്തിലുള്ള വാർത്തയാണ് പ്രചരിച്ചത്. വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇളയരാജ തന്നെ രംഗത്തുവന്നത്.
ശ്രീകോവിലിനുള്ളിൽ കയറിയതിന് പിന്നാലെ ക്ഷേത്ര ഭാരവാഹികൾക്കല്ലാതെ ശ്രീകോവിലിൽ പ്രവേശിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ തിരിച്ചിറക്കിയെന്നുമായിരുന്നു പുറത്തുവന്ന വാർത്ത. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഇതോടെ വിവാദവും കെട്ടടങ്ങി.