തന്റെ സിനിമ വിജയിച്ചില്ലെങ്കിൽ തന്നേക്കാൾ ഏറെ സങ്കടം ആരാധകർക്കും സുഹൃത്തുക്കൾക്കുമാണെന്ന് നടൻ മോഹൻലാൽ. പുതിയ സംവിധായകന്മാരോടൊപ്പം സിനിമ ചെയ്യാൻ തീരുമാനിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുമെന്നും എന്തെങ്കിലും പ്രശ്നമുണ്ടായാൽ പിന്നെ എല്ലാം തന്റെ തലയിലാരിക്കുമെന്നും മോഹൻലാൽ പറഞ്ഞു. പുതിയ ചിത്രം ബറോസിന്റെ പ്രമോഷന്റെ ഭാഗമായി, ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ബരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
എന്റെ പുതിയ സിനിമകൾ വരുമ്പോൾ എല്ലാവർക്കും വളരെയധികം പ്രതീക്ഷ ഉണ്ടാകാറുണ്ട്. ആ പ്രതീക്ഷ കാക്കുക എന്നത് വലിയ പാടാണ്. ഒരു സിനിമ പരാജയപ്പെട്ടാൽ മുഴുവൻ കുറ്റവും നടന്റെ തലയിലായിരിക്കും. പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് എനിക്ക് വലിയ വെല്ലുവിളിയാണ്. വലിയ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. വിചാരിച്ചത് പോലെ ചിത്രം വിജയിച്ചില്ല. എനിക്കും ആരാധകർക്കും വലിയ വിഷമമായിരുന്നു അത്.
പുതിയ സംവിധായകന്മാരിൽ പലരും എന്റെയടുത്ത് കഥ പറയാൻ വരാറുണ്ട്. എന്നാൽ അതിലെല്ലാം പൊതുവായി ഒരു കാര്യമുണ്ട്. എല്ലാ കഥയിലും മോഹൻലാൽ എന്ന വ്യക്തി എവിടെയങ്കിലും കാണും. നമുക്ക് അതല്ല, വേണ്ടത്. മോഹൻലാൽ എന്ന നടനെ കഥയിൽ നിന്ന് മാറ്റി കഥാപാത്രമാക്കി മാറ്റണം. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് സിനിമ തെരഞ്ഞെടുക്കുന്നത്.
തുടരും എന്ന എന്റെ അടുത്ത സിനിമ പുതിയ സംവിധായകനോടൊപ്പമാണ്. അതുപോലെ ആവേശം സിനിമയുടെ സംവിധായകനുമായും പുതിയ സിനിമ ചെയ്യാൻ പോകുന്നുണ്ട്. കേരളം ഒരു ചെറിയ മാർക്കറ്റാണ്. പക്ഷേ, മലയാള സിനിമ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പല മലയാള സിനിമകളും പാൻ ഇന്ത്യൻ ലെവൽ വരെ എത്തിയിട്ടുണ്ട്. കാലാപാനി ഒരു പാൻ ഇന്ത്യൻ ചിത്രമാണെന്ന് നമുക്ക് അഭിമാനത്തോടെ പറയാനാകും.
മലയാള സിനിമാ വ്യവസായ ചെറുതാണെങ്കിലും ഇന്ത്യൻ സിനിമാ മേഖലയ്‌ക്ക് നിരവധി സംഭവനകൾ നൽകിയിട്ടുണ്ട്. മലയാളത്തിൽ നിന്നാണ് ആദ്യ ത്രീഡി ചിത്രം ഉണ്ടായത്. മാറ്റങ്ങൾ കൊണ്ടുവരാനാണ് മലയാള സിനിമ എപ്പോഴും ശ്രമിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.