കൊച്ചി: അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. എറണാകുളം തൃപ്പൂണിത്തുറ കണ്ടനാട് അങ്കണവാടിയിലാണ് സംഭവം. കുട്ടികൾ എത്തുന്നതിനെ തൊട്ടുമുൻപാണ് വലിയ അപകടമുണ്ടായത്.
ഇന്ന് രാവിലെ 9.30-ഓടെയാണ് സംഭവം. കണ്ടനാട് ജെബിഎസ് എൽപി സ്കൂളിന്റെ പഴയ കെട്ടിടമാണ് തകർന്നുവീണത്. ഓടിട്ട മേൽക്കൂരയാണ് നിലം പതിച്ചത്. സംഭവസമയം ആയ മാത്രമാണുണ്ടായിരുന്നത്. ഇവിടെ അഞ്ച് കുട്ടികളാണ് പഠിക്കുന്നത്. പത്ത് മണിയോടെയാണ് കുട്ടികൾ ഇവിടേക്ക് എത്താറുള്ളത്.
വാതിൽ തുറന്ന് അകത്ത് കയറി അടിച്ചുവാരുന്നതിനിടയിലാണ് ഉഗ്രൻ ശബ്ദം കേട്ടതെന്ന് രക്ഷപ്പെട്ട ലിസി സേവ്യർ പറഞ്ഞു. നേരത്തെ അങ്കണവാടിയിൽ ഷീറ്റ് ദേഹത്തേക്ക് വീണിരുന്നു. പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ലിസി ആരോപിച്ചു.
100 വർഷത്തിലറെ പഴക്കമുള്ള കെട്ടിടമാണ് നിലം പതിച്ചതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പുതിയ കെട്ടിടത്തിലേക്ക് അടുത്തിടെയാണ് സ്കൂൾ മാറിയത്. അങ്കണവാടി മാത്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ഉച്ചയ്‌ക്ക് മറ്റ് ക്ലാസിലെ കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്നതും ഈ കെട്ടിടത്തിലായിരുന്നു.