ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും ഡൽഹിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കും. നാളെ വൈകിട്ടാണ് സന്ദർശനം. കത്തോലിക്ക ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. വൈകിട്ട് 6.30 ഓടെയാണ് സിബിസിഐയുടെ ഡൽഹി ഓഫീസിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.
സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ക്രിസ്മസ്- പുതുവത്സര ആശംസകൾ നേരും. സഭാ പുരോഹിതർ, മന്ത്രിമാർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, സിവിൽ സർവീസ് പ്രതിനിധികൾ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുക്കും. അത്താഴ വിരുന്നിലും, സംഗീത പരിപാടികളിലും, കരോൾ ആഘോഷങ്ങളിലും, പ്രഭാഷണങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് സിബിസിഐ പിആർ ഓഫീസർ ഫാ. റോബിൻസൺ അറിയിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഡൽഹിയിലെ വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. വിവിധ സഭാ അദ്ധ്യക്ഷന്മാരും മുതിർന്ന നേതാക്കളും പങ്കെടുത്ത പരിപാടിയിൽ പ്രധാനമന്ത്രി ക്രിസ്മസ് സന്ദേശം നൽകി.
കഴിഞ്ഞ വർഷം രാജ്യതലസ്ഥാനത്തെ തന്റെ വസതിയിലായിരുന്നു പ്രധാനമന്ത്രി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്. വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദ്ദവും ഐക്യവും വളർത്തുന്ന പാരമ്പര്യം തുടരണമെന്ന സന്ദേശമായിരുന്നു പ്രധാനമന്ത്രി നൽകിയത്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ സന്ദർശനം നടത്തിയിരുന്നു.