കോഴിക്കോട്: നിർത്തിയിട്ടിരുന്ന കാരവാനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഇന്നലെ രാത്രി, വടകര കരിമ്പനപ്പാലത്താണ് കാരവാനിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരവാന്റെ ഡ്രൈവറും മലപ്പുറം സ്വദേശിയുമായ മനോജ്, കണ്ണൂർ സ്വദേശി ജോയി എന്നിവരാണ് മരിച്ചത്. എസിയിൽ നിന്നുണ്ടായ വാതകം ശ്വസിച്ചതാകാം മരണകാരണമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മൃതദേഹം കണ്ടെത്തുമ്പോൾ കാരവാനിൽ എസി ഓണായിരുന്നു. കൂടാതെ പാർക്കിംഗ് ലൈറ്റും കത്തിയിരുന്നു. ഇതാണ് സംശയത്തിന് വഴിവയ്‌ക്കുന്നത്. പൊലീസ് എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തുന്നുണ്ട്.
കരിമ്പനപ്പാലത്തെ കെടിഡിസി റസ്റ്റോറന്റിലേക്ക് പോകുന്ന റോഡിലാണ് വാഹനം കിടന്നത്. തിരക്കേറിയ റോഡിന് സമീപമായതിനാൽ ആരും വാഹനം ശ്രദ്ധിച്ചിരുന്നില്ല. മലപ്പുറം വെളിയങ്കോട് സ്വദേശി നാസറിന്റെ പേരിലുള്ളതാണ് വാഹനം. നാട്ടുകാരിലൊരാൾ കാരവാന്റെ വാതിൽ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
നിലവിൽ ദുരൂഹതകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് നിരവധി ആളുകളാണ് റോഡിൽ തടിച്ചുകൂടിയത്. ഇതോടെ ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു.