ടെൽ അവീവ്: ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം യെമനിലെ ഹൂതി വിമതരെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് . ടെഹ്‌റാനിൽ വെച്ചാണ് ഹമാസ് മേധാവി ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയത്. അതിന് പിന്നാലെ ഹമാസിനെയും ഹിസ്ബുള്ളയേയും ഞങ്ങൾ ഇല്ലാതാക്കി. ഹൂതി വിമത നേതൃത്വത്തെിന്റെ “ശിരഛേദം”ആണ് അടുത്ത ലക്ഷ്യം, പ്രതിരോധ മന്ത്രി പറഞ്ഞു. ഇതാദ്യമായാണ് ഹമാസ് തലവനെ വധിച്ച കാര്യം ഇസ്രായേൽ സ്ഥിരീകരിക്കുന്നത്.
ഹനിയയെ ടെഹ്‌റാനിൽ വെച്ചും സിൻവാറെ ഗാസയിലും നസ്‌റല്ലയെ ലെബനനിലുമാണ് ഞങ്ങൾ ഇല്ലാതാക്കിയത്. അതുപോലെ തന്നെ ഹൊദൈദയിലും സനയിലും ചെയ്യും, കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇസ്രായേലിനെതിരെ ഉയരുന്ന കൈകൾ അത് ആരുടേതായും ഐഡിഎഫ് വെട്ടിമാറ്റും. അതിന്റെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുകയും ചെയ്യും, കാറ്റ്സ് പറഞ്ഞു. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജൂലൈ അവസാനം ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ചാണ് ഹനിയ കൊല്ലപ്പെട്ടത്. എന്നാൽ ഇക്കാര്യം ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഹനിയയുടെ കൊലപാതകത്തിന് പിന്നാൽ ഇസ്രായേലാണെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു.