കോട്ടയം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നുമായി ബന്ധപ്പെട്ട തൃശൂർ ഭദ്രാസനാധിപന്റെ പരാമർശത്തെ പൂർണ്ണമായും തള്ളി ഓർത്തോഡോക്സ് സഭ. തൃശൂർ ഭദ്രാസനാധിപൻ പറഞ്ഞത് സഭയുടെ നിലപാട് അല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയ്‌ക്ക് പ്രധാനമന്ത്രിയോട് നിഷേധാത്മക സമീപനം ഇല്ല. ക്രിസ്തീയ ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നത് ദുഃഖകരമാണ്. പുൽക്കൂട് നശിപ്പിച്ച സംഭവത്തെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ അപലപിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളിൽ കലാപം ആഗ്രഹിക്കുന്നില്ലെന്നും കാതോലിക്ക ബാവ പറഞ്ഞു കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് നാടകമാണെന്ന് തരത്തിലായിരുന്നു തൃശൂർ ഭദ്രാസനാധിപന്റെ പരാമർശം. ഇതിന് പിന്നാലെ രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങൾ പൊടിപൊടിച്ചു. ഇതിനിടെയാണ് സഭയുടെ കാത്തോലിക്കാ ബാവ വിശദീകരിച്ചത്.