കൊച്ചി: മോഹൻലാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബറോസ് വിദേശഭാഷകളിലേക്കും ഒരുങ്ങുന്നതായി സൂചന. കൊച്ചിയിലെ തിയറ്ററിൽ ചിത്രം കാണാനെത്തിയ മോഹൻലാൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഈ സിനിമയുടെ വിജയം അനുസരിച്ച് ഇന്ത്യയ്‌ക്ക് പുറത്തുള്ള ഒരുപാട് ഭാഷകളിലേക്ക് ഇത് ചെയ്യാൻ പറ്റുമെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ തുടങ്ങിയ ഭാഷകളിലേക്കും ചെയ്യാവുന്നതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
1650 ദിവസങ്ങൾ ഷൂട്ട് ചെയ്ത ഒരു സിനിമയാണ്. 1650 ദിവസങ്ങൾക്ക് ശേഷം എനിക്കാണ് മോക്ഷം കിട്ടിയത് ബറോസിനെപ്പോലെ. ചിൽഡ്രൻസ് ഫ്രണ്ട്‌ലി ചിത്രമാണ്. കുട്ടികൾക്ക് മാത്രമല്ല ഫാമിലിക്കും വലിയ ആൾക്കാരിലെ കുട്ടികളിലേക്കും ഫോക്കസ് ചെയ്താണ് സിനിമ ചെയ്തിരിക്കുന്നത്. തനിക്ക് കിട്ടിയ അനുഗ്രഹവും ഭാഗ്യവുമാണിത്. സിനിമാ ജീവിതത്തിൽ തന്റെ പ്രേക്ഷകർ നൽകിയ സ്‌നേഹവും ബഹുമാനവും അവർക്ക് തിരിച്ചുകൊടുക്കാൻ കഴിയുന്ന സമ്മാനമാണ്. ചിൽഡ്രൻസ് ഫ്രണ്ട്‌ലിയായ ഫാമിലിക്കും എൻജോയ് ചെയ്യാൻ കഴിയുന്ന ഒരു സിനിമ ഉണ്ടാക്കാമെന്ന് വിചാരിച്ചു. ഒരുപാട് സിനിമകൾ ചെയ്യാനുള്ള പ്ലാൻ ഒന്നുമില്ലെന്നും മോഹൻലാൽ പറഞ്ഞു.
40 വർഷത്തിന് ശേഷമാണ് ഒരു ത്രീഡി സിനിമ ഇന്ത്യയിൽ ചെയ്തിരിക്കുന്നത്. ഒരുപാട് പ്രത്യേകതകളോടെയാണ് ഷൂട്ട് ചെയ്തത്. നേറ്റീവ് ത്രീഡി ഷോട്ട് വിത്ത് സ്റ്റീരിയോ ലെൻസസ് എന്നാണ് ഇതിനെ പറയുക. അതിന്റെ എല്ലാ ഘടനകളും വേറൊരു രീതിയിലാണ്. ഷൂട്ട് ചെയ്യുന്ന രീതിയും സൗണ്ടും എല്ലാം വേറെയാണ്. അങ്ങനൊരു മനസോടെ ഈ സിനിമ കാണണമെന്നും അദ്ദേഹം പ്രേക്ഷകരോട് അഭ്യർത്ഥിച്ചു.
മറ്റ് സിനിമകൾ കാണുന്നതുപോലെ വിലയിരുത്തരുത്. അങ്ങനെ ഈ സിനിമ എടുക്കാൻ പറ്റില്ല. പെട്ടന്നുളള പാൻ ഷോട്ടുകൾ, ടിൽറ്റ് അപ്പ് അല്ലെങ്കിൽ പെട്ടന്നുളള കട്ടുകൾ അങ്ങനെ ചെയ്താൽ കാണുന്ന ആളുകൾക്ക് തലവേദനയുണ്ടാകാം അല്ലെങ്കിൽ അവർക്ക് ഡിസ് ഓറിയന്റഡ് ആയി തോന്നാം. അതുകൊണ്ട് കാണികളുടെ മനസ് അറിഞ്ഞാണ് ഈ സിനിമ ചെയ്തിരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.
നവോദയയിൽ നിന്നാണ് തന്റെ സിനിമാജീവിതം തുടങ്ങിയത്. ഇപ്പോ സംവിധാനവും തുടങ്ങിയത് നവോദയയിൽ നിന്നാണ്. 40 വർഷമായി ആരും ചെയ്യാത്ത കാര്യം. വളരെ അപൂർവ്വമായ അവസരമാണ്. എല്ലാ രീതിയിലും ശ്രദ്ധിച്ചുചെയ്യേണ്ട സിനിമയായിരുന്നു. പ്രത്യേകിച്ച് പാട്ടും മ്യൂസിക്കും ഒക്കെ. മ്യൂസിക് കൂടി മനസിൽ കണ്ടുകൊണ്ടാണ് ഷോട്ടുകൾ എടുത്തിരിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.















