ഇടുക്കി: രണ്ട് മാസത്തിലേറെ വൈകിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും. തമിഴ്‌നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിഭൂമികളിലേക്ക് ജലം തുറന്നുവിടും. തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി സി.ടി.ആര്‍. നിര്‍മല്‍ കുമാര്‍ ചടങ്ങില്‍ പങ്കെടുക്കും.
14,707 ഏക്കര്‍ കൃഷിയിടങ്ങളിലെ ഒന്നാം നെല്‍കൃഷിക്കായാണ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത്. സാധാരണയായി എല്ലാ വര്‍ഷവും ജൂണ്‍ ഒന്നിനാണ് ഷട്ടര്‍ തുറക്കാറുള്ളത്. എന്നാല്‍ ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ജലനിരപ്പ് ആവശ്യമായ തോതിലെത്താന്‍ വൈകിയതിനാലാണ് നടപടിയും രണ്ട് മാസത്തിലേറെ പിന്നോട്ടുപോയത്.
ടിവികെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മന്ത്രിതലത്തില്‍ നടക്കുന്ന ആദ്യ സന്ദര്‍ശനമെന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. കൃഷിയാവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജലവിതരണം ആരംഭിക്കുന്നത്. ഷട്ടര്‍ തുറക്കുന്നതോടെ കമ്പം താഴ്വരയിലെ കാര്‍ഷിക മേഖലയില്‍ ജലക്ഷാമത്തിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.















