ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു. കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് ചെങ്കല്‍പ്പേട്ട് കുടുംബക്കോടതിയെ സംഗീത അറിയിച്ചു. ഇതോടെ കോടതി ഹര്‍ജി തീര്‍പ്പാക്കി. ലണ്ടനിലായിരുന്ന സംഗീത ഓണ്‍ലൈനായാണ് കോടതിയില്‍ ഹാജരായത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വിജയ് നേരിട്ട് ഹാജരായില്ല. നിയമസഭാ തിരക്കുകള്‍ ചൂണ്ടിക്കാട്ടി കേസ് അടുത്ത മാസം പരിഗണിക്കണമെന്ന് വിജയിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും, ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് സംഗീത ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉച്ചയ്‌ക്കുശേഷം കേസ് പരിഗണിച്ച കോടതി, ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ അംഗീകരിച്ച് നടപടികള്‍ അവസാനിപ്പിച്ചു.
നേരത്തെ, ഒരു നടിയുമായുള്ള വിജയിയുടെ വിവാഹേതര ബന്ധം ആരോപിച്ചാണ് സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വിജയിയോ സംഗീതയോ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഇതിനിടെ, ഇരുവരും വീണ്ടും ഒന്നിച്ചുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇരുവരും പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനിലായിരുന്ന സംഗീത ചെന്നൈയിലേക്ക് മടങ്ങിയതായും ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചുവെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
വിവാഹമോചന ഹര്‍ജി പിന്‍വലിച്ചതോടെ വിജയിയുടെയും സംഗീതയുടെയും ദാമ്പത്യബന്ധത്തെ ചുറ്റിപ്പറ്റിയിരുന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്.















