മലപ്പുറം: മോഷണം പോകാതിരിക്കാന്‍ അമ്മ രഹസ്യമായി കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 11 ലക്ഷം രൂപ വിലമതിക്കുന്ന പത്തര പവന്‍ സ്വര്‍ണാഭരണങ്ങള്‍ അറിയാതെ ആക്രിക്കാരന് കൈമാറിയ മകള്‍. എന്നാല്‍ ആക്രി വ്യാപാരിയുടെ സത്യസന്ധതയും പോലീസിന്റെ സമയോചിത ഇടപെടലും കാരണം നഷ്ടപ്പെട്ടെന്ന് കരുതിയ ആഭരണങ്ങള്‍ കുടുംബത്തിന് തിരിച്ചുകിട്ടി. മലപ്പുറം മേല്‍മുറി സ്വദേശിയായ ആക്രി വ്യാപാരി യു.കെ. അനീസാണ് സത്യസന്ധതയുടെ മാതൃകയായത്. കഴിഞ്ഞ മാസം 25-നാണ് സംഭവം നടന്നത്.
പതിവായി കോഴിക്കോട് നഗരത്തില്‍ നിന്ന് ആക്രി ശേഖരിക്കുന്ന അനീസ് ചുങ്കത്തെ ഒരു വീട്ടിലെത്തിയപ്പോഴാണ് സംഭവം. ഗള്‍ഫില്‍ നിന്ന് എത്തിയ മകള്‍ രാധിക മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മ രേവ പുറത്തായതിനാല്‍ പഴയ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളും ഉപയോഗശൂന്യമായ സ്‌കൂട്ടറുമടക്കമുള്ള സാധനങ്ങള്‍ ആക്രിക്കായി നല്‍കി. ഇതിനിടയില്‍ അമ്മ സ്വര്‍ണം സൂക്ഷിച്ചിരുന്ന പെട്ടിയും അബദ്ധത്തില്‍ കൈമാറുകയായിരുന്നു.
പിന്നീട് വീട്ടിലെത്തിയ രേവ സ്വര്‍ണം സൂക്ഷിച്ചിരുന്ന പെട്ടി കാണാതായതോടെ മകളോട് അന്വേഷിച്ചപ്പോഴാണ് അത് ആക്രിക്കാരന് നല്‍കിയ വിവരം അറിയുന്നത്. തുടര്‍ന്ന് കുടുംബം നടക്കാവ് പോലീസില്‍ പരാതി നല്‍കി. ആക്രി ശേഖരിച്ച ശേഷം അനീസ് നല്‍കിയിരുന്ന വിസിറ്റിംഗ് കാര്‍ഡാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. അതിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു പോലീസ് അനീസിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
ശേഖരിച്ച ആക്രി സാധനങ്ങള്‍ മേല്‍മുറിയിലെ വീട്ടില്‍ എത്തിച്ച് വേര്‍തിരിക്കുന്നതിനിടെയാണ് പെട്ടിക്കുള്ളില്‍ ആഭരണങ്ങള്‍ കണ്ടെത്തിയതെന്ന് അനീസ് പോലീസിനോട് പറഞ്ഞു. ആദ്യം മുക്കുപണ്ടമാണെന്ന് കരുതിയെങ്കിലും ഭാര്യ പരിശോധിച്ചപ്പോഴാണ് യഥാര്‍ഥ സ്വര്‍ണമാണെന്ന് മനസ്സിലായത്. പ്രതിദിനം നിരവധി വീടുകളില്‍ നിന്ന് ആക്രി ശേഖരിക്കുന്നതിനാല്‍ ഏത് വീട്ടില്‍ നിന്നാണ് ആഭരണങ്ങള്‍ ലഭിച്ചതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. എന്നാല്‍ താന്‍ നല്‍കിയ വിസിറ്റിംഗ് കാര്‍ഡ് വഴി ആരെങ്കിലും ബന്ധപ്പെടുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണം സുരക്ഷിതമായി വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് നടക്കാവ് പോലീസിനൊപ്പം അനീസ് വീട്ടിലെത്തി പത്തര പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉടമസ്ഥര്‍ക്ക് കൈമാറി. ആക്രി വ്യാപാരിയുടെ സത്യസന്ധതയെ പോലീസും നാട്ടുകാരും ഒരുപോലെ അഭിനന്ദിച്ചു.















