കൊച്ചി: വിശേഷണങ്ങൾക്ക് അതീതനായ ഒരു മഹാപ്രതിഭയായിരുന്നു എംടി വാസുദേവൻ നായരെന്ന് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. എന്നും ജ്യേഷ്ഠസഹോദരനായിട്ടാണ് അദ്ദേഹത്തെ കണ്ടതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
എപ്പോഴും നിരന്തരം സംസാരിക്കുകയോ കൂടെക്കൂടെ കാണുകയോ ചെയ്തിട്ടില്ല. എന്നാൽ മലയാള സാഹിത്യത്തിലെ മഹാപ്രതിഭകളിൽ ഒരാളായിട്ടാണ് അദ്ദേഹത്തെ കണ്ടത്. എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയ കാലം മുതൽ ഒരു എഴുത്തുകാരന്റെ അന്തസും ഗരിമയും പുലർത്തിയ ആളായിരുന്നു. അങ്ങനെ മലയാളിക്കും മലയാള സംസ്‌കാരത്തിനും ജീവിതം കൊണ്ടും എഴുത്തുകൊണ്ടും അങ്ങേയറ്റം സംഭാവനകൾ നൽകിയ വ്യക്തിയാണ് എംടിയെന്നും അടൂർ കൂട്ടിച്ചേർത്തു.
സാധാരണ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഇടത്തരം സിനിമകൾ പോലും എംടിയുടെ രചനയുടെ ഭംഗി കൊണ്ട് ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. കഥാപാത്രങ്ങൾക്ക് മലയാളിത്തനിമ ഉണ്ടായി, വെറും സംഭാഷണം പറയുന്ന വ്യക്തികൾ മാത്രമാക്കിയില്ല കഥാപാത്രങ്ങൾക്ക് ജീവൻ വന്നു. സൂക്ഷ്മമായ ദർശനവും ഉൾക്കാഴ്ചയും സിനിമയിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ആധുനീകമായ മനസുള്ള എഴുത്തുകാരനായിരുന്നു അദ്ദേഹമെന്ന് അടൂർ ചൂണ്ടിക്കാട്ടി. എംടിയുടെ എഴുത്തിന ഒരു കഥയെഴുത്തായോ നോവലെഴുത്തായോ മാത്രം പരിമിതപ്പെടുത്താനാകില്ല. വിവിധങ്ങളായ മേഖലകളിലെ വിശാലമായ എഴുത്താണ്. സാഹിത്യത്തിലെ പല വിചാരധാരകളെയും കണ്ടറിയുകയും പുതുമയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ദീർഘദർശനമുള്ള പത്രാധിപരായിരുന്നു. ഏതെല്ലാം വേഷങ്ങളിൽ മുൻപിൽ പ്രത്യക്ഷപ്പെട്ടാലും മറ്റുള്ളവരെ അതിശയിപ്പിക്കുന്ന പ്രതിഭ പ്രകടിപ്പിച്ച പ്രതിഭാധനനായിരുന്നുവെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.