തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയ്പ്പ് നൽകാനൊരുങ്ങി രാജ്ഭവൻ. ശനിയാഴ്ച (28-12-2024) വൈകിട്ട് രാജ്ഭവനിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങിൽ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുക്കും. ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെയാണ് ബിഹാറിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ സ്ഥലംമാറുന്നത്. പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെകർ ജനുവരി രണ്ടിന് ചുമതലയേൽക്കും.
കേരള ഗവർണർ പദവിയിൽ അഞ്ച് വർഷവും നാല് മാസവും നീണ്ട സേവനത്തിന് ശേഷം ആരിഫ് മുഹമ്മദ് ഖാൻ പടിയിറങ്ങുമ്പോൾ ഗവർണർ പദവി റബർ സ്റ്റാമ്പ് അല്ലെന്ന് തെളിയിച്ച വ്യക്തി കൂടിയാണ് പടിയിറങ്ങുന്നത്. സർക്കാരുമായി നിരന്തരം കലഹിച്ച വർഷങ്ങൾ. സർക്കാരിന്റെ സ്വജനപക്ഷപാത നിലപാടുകളെ ചോദ്യം ചെയ്തായിരുന്നു പരസ്യയുദ്ധത്തിന്റെ തുടക്കം. അത് പിന്നീട് സർക്കാരിനെതിരെ തുറന്ന യുദ്ധമായി. നീതി നിഷേധിക്കപ്പെടുന്നവർക്കായി ഗവർണർ നിലകൊണ്ടു.
ആരിഫ് മുഹമ്മദ് ഖാന് പകരം ചുമതലയേൽക്കുന്ന രാജേന്ദ്ര വിശ്വനാഥ് പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. ഗോവയിൽ നിന്നുള്ള നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആർലെകർ. ഹിമാചൽ മുൻ ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജനുവരി ഒന്നിന് ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും. ജനുവരി രണ്ടിനാണ് അദ്ദേഹം ബിഹാറിലെ ഗവർണറായി ചുമതലയേൽക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു.