തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവത്തിൽ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി ശുചിത്വ മിഷൻ. മൂന്ന് വർഷത്തേക്കാണ് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയത്.
കരാർ ഏറ്റെടുത്ത സൺ ഏജ് കമ്പനിയെയാണ് കരിമ്പട്ടികയിൽ പെടുത്തിയത്. മാലിന്യ നിർമാജനത്തിനുള്ള നോഡൽ ഓഫീസായ ശുചിത്വ മിഷന്റെ കാരണം കാണിക്കൽ നോട്ടീസിന് കമ്പനി മറുപടി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരത്തെ ആശുപത്രികളിൽ നിന്നുള്ള മാലിന്യമാണ് കമ്പനി തിരുനെൽവേലിയിൽ
തള്ളിയത്.
തമിഴ്‌നാട്ടിൽ വൻ രാഷ്‌ട്രീയവിവാദമാകുകയും ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടുകയും ചെയ്തതോടെ കേരളം മാലിന്യം നീക്കം ചെയ്യുകയായിരുന്നു. തിരുനെൽവേലിയിലെ കൊണ്ടാനഗരം, പളവൂർ, കോടനല്ലൂർ, മേലത്തടിയൂർ ഗ്രാമങ്ങളിലാണ് കേരളത്തിൽ നിന്നുള്ള ടൺ കണക്കിന് ആശുപത്രി മാലിന്യം തള്ളിയിരുന്നത്. പ്രദേശത്തെ കൃഷിയിടങ്ങളിലാകെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന മെഡിക്കൽ മാലിന്യങ്ങൾ നിറഞ്ഞ നിലയിലായിരുന്നു.
രാത്രിയുടെ മറവിലായിരുന്നു മെഡിക്കൽ മാലിന്യം ഇവിടെ തള്ളിയത്. കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിൽ തള്ളിയ വാർത്തകൾ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചതിനിടെ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ദക്ഷിണമേഖലാ ബെഞ്ചിൽ മറ്റൊരു കേസിന്റെ വാദത്തിനിടെ തമിഴ്നാട് പ്രോസിക്യൂട്ടർ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തിരുനെൽവേലി ജില്ലാ ഭരണകൂടം ട്രിബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ടിൽ മാലിന്യം തിരിച്ചെടുക്കാൻ കേരള സർക്കാരിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് കേരള സർക്കാർ മാലിന്യം തിരിച്ചെടുത്ത് സംസ്‌കരിക്കണമെന്ന് ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടത്.
വിഷയത്തെക്കുറിച്ച് അന്വേഷിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചും നിർദേശിച്ചിരുന്നു. ജനുവരി 10 ന് മുൻപായി തദ്ദേശ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.