പെരിയ (കാസർകോട്) : പെരിയ ഇരട്ടക്കൊലക്കേസിൽ ഇന്ന് വിധി പറയും. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത‌്‌ലാലിനെയും(23) കൃപേഷിനെയും(19) രാഷ്‌ട്രീയവൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതിയാണ് ഇന്നു വിധി പറയുക. 2019 ഫെബ്രുവരി 17ന് ആണ് കൊലപാതകം നടന്നത്. സി.പി.എം. നേതാക്കൾ ഉൾപ്പെടെ നിരവധിപേരാണ് പ്രതിപ്പട്ടികയിലുള്ളത്. സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരനാണ് ഒന്നാം പ്രതി. 24 പേർ പ്രതിപ്പട്ടികയിലുണ്ട്.
നേതാക്കളായ എട്ടുപ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. സാധാരണ പ്രവർത്തകർ ഇതുവരെയും ഒരിക്കൽപ്പോലും ജയിലിൽനിന്ന് പുറത്തുവന്നിട്ടില്ല.
ക്രൈംബ്രാഞ്ച് ഹൊസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ നടപടി തുടങ്ങുംമുൻപേ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിട്ടു. രണ്ടുവർഷത്തോളം നടന്ന വിചാരണയാണ് സി.ബി.ഐ. കോടതിയിൽ നടന്നത്.. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.
14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേർത്തത്. കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. സി കെ ശ്രീധരൻ പിന്നീട് പ്രതികൾക്ക് വേണ്ടി ഹാജരായത് വിവാദമായിരുന്നു.
ജില്ലയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കല്ല്യോട്ട് പ്രദേശം ഉള്‍ക്കൊളളുന്ന പെരിയ വില്ലേജില്‍ പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്. കളക്ടറുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം നടന്നിരുന്നു.