സിയോൾ: ദക്ഷിണ കൊറിയയിലുണ്ടായ വിമാനാപകടത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് വിമാന കമ്പനി. ജെജു എയർ സിഇഒ കിം ഇ-ബേ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപകടത്തിന്റെ കാരണം എന്തുതന്നെയായാലും സിഇഒ എന്ന നിലയിൽ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നായിരുന്നു കിമ്മിന്റെ വാക്കുകൾ.
സൗത്ത് കൊറിയയിലെ മുവാൻ കൗണ്ടിയിലുള്ള എയർപോർട്ട് മതിലിൽ ഇടിച്ചാണ് ജെജു എയർ വിമാനം പൊട്ടിത്തെറിച്ചത്. എയർക്രാഫ്റ്റിൽ സഞ്ചരിച്ചിരുന്ന 181 പേരിൽ രണ്ട് പേർ മാത്രം രക്ഷപ്പെട്ടു. 179 പേരും മരിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമടങ്ങുന്ന വിമാനം തായ്ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് എത്തിയതായിരുന്നു. ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങി ഉരസി എയർപോർട്ടിന്റെ മതിലിൽ ഇടിച്ചതോടെ തീഗോളമായി മാറി. വിമാനത്തിന്റെ പിറകുവശത്ത് ഇരുന്ന ജീവനക്കാരനും ഒരു യാത്രക്കാരനും മാത്രമാണ് അപകടത്തെ അതിജീവിച്ചത്.
പ്രാദേശിക സമയം രാവിലെ 9.07ഓടെയായിരുന്നു അപകടം സംഭവിച്ചത്. മുസാൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ചായിരുന്നു ദുരന്തം. സിയോളിൽ നിന്ന് 288 കിലോമീറ്റർ മാറിയാണിത്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ജെജു എയർ അറിയിച്ചു. കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്ന വിമാന കമ്പനി ഇതിന് മുൻപ് അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. സാങ്കേതിക തകരാറിനെ തുടർന്ന് ലാൻഡിംഗ് ഗിയർ പ്രവർത്തനരഹിതമാവുകയും ടയറുകൾ പുറത്തേക്ക് വരാതിരിക്കുകയും ചെയ്തതോടെ ബെല്ലി ലാൻഡിംഗ് അനിവാര്യമാക്കിയെന്നാണ് പ്രാഥമിക നിഗമനം. ലാൻഡിംഗിന് മുൻപ് വിമാനത്തിൽ പക്ഷി ഇടിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം വിമാന കമ്പനി സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ദക്ഷിണ കൊറിയൻ ഭരണകൂടം അറിയിച്ചു.