കാസർകോട്: സംസ്ഥാനത്തെ റോഡുകളിൽ നിന്നുയരുന്ന നിലവിളികൾ അവസാനിക്കുന്നില്ല. കാസർക്കോട് പടന്നക്കാട് കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളുടെ ജീവനാണ് നഷ്ടമായത്. കാർ യാത്രക്കാരായ കണിച്ചിറ സ്വദേശികളായ സൈൻ റൊമാൻ (ഒൻപത്), ലെഹക്ക് സൈനബ് (12) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റ മൂന്നുപേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ തുടർ നടപടികൾക്കായി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തൃശൂർ ജില്ലയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തൃശൂർ പുല്ലഴി സ്വദേശി കുരുതുകുളങ്ങര സ്വദേശി സോണി (44) ആണ് മരിച്ചത്. തൃശൂർ ചാഴൂർ കോലോം വളവിന് സമീപം ബസ്റ്റോപ്പ് വളവിൽ ഇന്നുരാവിലെയാണ് അപകടമുണ്ടായത്.
തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ വയോധികയും മരിച്ചു. തിരുവില്വാമല തവക്കൽപ്പടി കിഴക്കേ ചക്കിങ്ങൽ ഇന്ദിരാദേവി (65) ആണ് മരിച്ചത്. ആലത്തൂർ- കാടാമ്പുഴ റൂട്ടിലോടുന്ന മർവ എന്ന ബസിന്റെ വാതിലിലൂടെയാണ് ഇന്ദിരാദേവി പുറത്തേക്ക് വീണത്. അപകടത്തിൽ ഇന്ദിരാദേവിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വളവിൽ ബസ് തിരിയുമ്പോൾ സീറ്റിലിരിക്കുകയായിരുന്ന ഇന്ദിരാദേവി പുറത്തേയ്‌ക്ക് തെറിച്ചുവീഴുകയായിരുന്നു.