കൊയിലാണ്ടി; കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല കീഴൂർ മഹാദേവ ക്ഷേത്രമുറ്റത്ത് കടന്ന് ആചാരലംഘനം നടത്തിയെന്ന് ആരോപണം. സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ ക്ഷേത്രം ട്രസ്റ്റി ബോർഡ് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര പരിസരത്ത് ഹിന്ദു ഐക്യവേദിയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി കൊടിയേറ്റ് ദിവസമായ ഡിസംബർ പത്തിന് ഉച്ചയ്‌ക്കായിരുന്നു എംഎൽഎ ക്ഷേത്രത്തിലേക്കെത്തിയത്. സദ്യയിൽ പങ്കെടുക്കാനായി ട്രസ്റ്റി ബോർഡ് ഭാരവാഹികൾ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു എംഎൽഎ എത്തിയത്. സദ്യ കഴിക്കാനായി ക്ഷേത്ര മുറ്റത്ത് കൂടിയാണ് എംഎൽഎ ഊട്ടുപുരയിലേക്ക് പോയത്. ഏതൊരു ക്ഷേത്രത്തിലും ക്ഷേത്രമുറ്റം പരിപാവനമായിട്ടാണ് ഹൈന്ദവ വിശ്വാസികൾ കണക്കാക്കുന്നത്. ഹിന്ദു വിശ്വാസങ്ങൾ അനുശാസിക്കുന്നവർ മാത്രമാണ് ക്ഷേത്രമുറ്റത്തേക്ക് കടക്കാറുള്ളത്. ചില ക്ഷേത്രങ്ങൾ ഇത് കർശനമായി ഇന്നും പിന്തുടരുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് എംഎൽഎയ്‌ക്കെതിരെ പ്രതിഷേധമുയർന്നതെന്നാണ് വിവരം.
മത്സ്യ, മാംസാദികൾ കഴിച്ചിട്ടോ ആചാരങ്ങൾ പാലിക്കാതെയോ ക്ഷേത്രമുറ്റത്തേക്ക് ഭക്തർ സാധാരണ പ്രവേശിക്കാറില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സിപിഎമ്മിന് സ്വാധീനമുള്ളതാണ് ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ്. ഇവരാണ് സിപിഎം നേതാവായ എംഎൽഎയെ ക്ഷേത്രമുറ്റത്തേക്ക് കയറ്റിയതെന്നാണ് ആരോപണം. ക്ഷേത്രാചാരങ്ങൾ എന്തെന്ന് അറിയാത്ത കുങ്കുമം ചുമക്കുന്ന കഴുതകളായി ക്ഷേത്ര ട്രസ്റ്റി അംഗങ്ങൾ മാറിയെന്നും ഇവർ രാജിവയ്‌ക്കണമെന്നും ഒരു പോസ്റ്ററിൽ ആവശ്യപ്പെടുന്നു.
ദേവശരീരഭാഗമാണ് തിരുമുറ്റമെന്നും കഠിന വ്രതശുദ്ധിക്കും താന്ത്രിക ക്രിയകൾക്കും അതിപ്രാധാന്യമുള്ള കീഴൂർ വാതിൽകാപ്പവരുടെ തിരുമുറ്റത്ത് ട്രസ്റ്റി ബോർഡ് നടത്തിയ ആചാരലംഘനത്തിൽ പ്രതിഷേധിക്കാനും പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നു. എംഎൽഎയെ എഴുന്നെള്ളിച്ച ധാർഷ്ട്യത്തിന് പിന്നിലുള്ള താൽപര്യമെന്തെന്നും മറ്റൊരു പോസ്റ്ററിൽ ചോദിക്കുന്നുണ്ട്.