ന്യൂഡൽഹി: സനാതനധർമ്മ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ നേതൃത്വം. മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് ദേശീയ വക്താവ് ഷെഹസാദ് പുനെവാല പറഞ്ഞു. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ മുസ്ലീം വോട്ട് ബാങ്ക് സ്വന്തമാക്കാനുള്ള മത്സരം നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവഗിരി തിർത്ഥാടന സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ വർഷത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും കമ്യൂണിസ്റ്റുകളുടേയും മനോഭാവത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ഷെഹസാദ് പുനെവാല പറഞ്ഞു. ഗുരുദേവനേയും സനാതന ധർമ്മത്തെയും കുറ്റപ്പെടുത്തുന്നത് തീവ്ര വിഭാഗത്തെ തൃപ്തിപ്പെടുത്താനാണ്. മുസ്ലീം വോട്ട് ബാങ്കിന് വേണ്ടി ഹിന്ദുത്വത്തെ അവഹേളിക്കുന്നത്
ഇൻഡി മുന്നണിയുടെ സ്ഥിരം ശൈലിയായി മറിയിരിക്കുന്നു. കേരളത്തിൽ തീവ്ര മുസ്ലീം വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസും സിപിഎമ്മും തമ്മിൽ കടുത്ത മത്സരം നടക്കുകയാണ്. മറ്റ് സംസ്ഥനങ്ങളിൽ കോൺഗ്രസിന്റെ മത്സരം പ്രാദേശിക കക്ഷികളോടാണ്, ഡിഎംകെ പോലുള്ള പാർട്ടികളെ ലക്ഷ്യംവെച്ച് അദ്ദേഹം പറഞ്ഞു. ഈ മത്സരത്തിൽ വിജയിക്കാനായാണ് സനാതന ധർമ്മത്തെ താഴ്‌ത്തിക്കെട്ടുന്ന പ്രസ്താവനകൾ നേതാക്കൾ നടത്തുന്നത്.
ഇതര മതസ്ഥരുടെ ആചാരങ്ങളേയോ വിശ്വാസങ്ങളേയോ അവരുടെ ഗ്രന്ഥങ്ങളേയോ കുറ്റപ്പെടുത്തി കൊണ്ടുള്ള പ്രസ്താവനകൾ ഇടത്-വലത് നേതാക്കൾ നടത്താറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി. മുരളീധരനും ഇതേ കാര്യം ഉന്നയിച്ചിരുന്നു. മഹാഭാരതത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്ന പിണറായി വിജയൻ ഖുറാൻ അടക്കമുള്ള ഗ്രന്ഥങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടാൻ തയ്യാറാകാത്തതെന്തെന്നും അദ്ദേഹം ചോദിച്ചിരുന്നു.
കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്നും പ്രിയങ്ക വാദ്ര ജയിച്ചത് തീവ്ര ഇസ്ലാമിക വോട്ട് കൊണ്ടാണെന്ന് പ്രസ്താവനകൾ ദേശീയ തലത്തിൽ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അതേ വോട്ട് നോട്ടമിട്ട പിണറായി വിജയനും എത്തിയിരിക്കുന്നത്.