ന്യൂഡൽഹി: പുതുവർഷ ദിനത്തിൽ ‘ഒരു രാജ്യം, ഒരു സബ്‌സ്‌ക്രിപ്ഷന്’ പദ്ധതിക്ക് രാജ്യത്ത് തുടക്കമായി. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ലോകമെമ്പാടുമുള്ള ഒന്നാം നിര ജേണലുകളിലെ ഗവേഷണ ലേഖനങ്ങൾ ഉൾപ്പെടെയുള്ളവ പഠനത്തിനായി ലഭ്യമാകും.
നവംബർ അവസാന വാരമാണ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.
സർക്കാർ ധനസഹായം നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവിധ സർവ്വകലാശാലകൾ , ഐഐടികൾ ഉൾപ്പെടെയുള്ള 1.8 കോടിയിലേറെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
30 പ്രമുഖ രാജ്യന്തര ജേണൽ പ്രസാദകരുടെ 13,000-ത്തോളം വരുന്ന ഇ-ജേണലുകൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള 6,300-ലേറെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും ലഭ്യമാകുന്നതാണ് വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ പദ്ധതി .
യുജിസിയിലെ ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ്വർക്ക് ആണ് ഇത് ഏകോപിപ്പിക്കുന്നത്. വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ (ONOS) പോർട്ടൽ വഴി സ്ഥാപനങ്ങൾക്ക് ജേണലുകൾ ആക്സസ് ചെയ്യാം. ഇതിലൂടെ വിവിധ പ്രസാധകരിൽ നിന്ന് വിവിധ തരത്തിലുള്ള ജേണലുകൾ വാങ്ങുന്ന സാഹചര്യം ഒഴിവാക്കാം. ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ അംഗസ്ഥാപനങ്ങൾക്ക് ജേണലുകൾ ലഭ്യമാകും. മാത്രമല്ല ജേണലുകൾ വാങ്ങാനുള്ള തുകയിലും ഗണ്യമായ കുറവ് വരികയും ചെയ്യും. പദ്ധതിക്കായി 6,000 കോടി രൂപയാണ് കേന്ദ്രസർക്കാർ മാറ്റിവച്ചിട്ടുള്ളത്.