ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഗ്രാമീൺ ഭാരത് മഹോത്സവം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി നാല് മുതൽ ഒമ്പത് വരെയാണ് ഗ്രാമീൺ ഭാരത് മഹോത്സവം നടക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത കരകൗശല വിദഗ്ധരുമായി അദ്ദേഹം സംവദിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും പ്രധാനമന്ത്രിയോടൊപ്പം പരിപാടിയിൽ പങ്കെടുത്തു.
ഗ്രാമപ്രദേശങ്ങളിൽ വികസനം കൊണ്ടുവരിക, ഗ്രാമീണരുടെ സാമ്പത്തികശേഷി വർദ്ധിപ്പിക്കുക, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവയാണ് ഗ്രാമീൺ ഭാരത് മഹോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ ചർച്ചകൾ, ശിൽപശാലകൾ, സെമിനാറുകൾ എന്നിവ പരിപാടിയിൽ നടക്കും. ഗ്രാമമേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും പരിപാടിയിലൂടെ സാധിക്കും. ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നതും പരിപാടിയുടെ പ്രധാനലക്ഷ്യമാണ്.
വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഗ്രാമീണമേഖലയുടെ പങ്ക് സുപ്രധാനമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. രാജ്യത്തെ ഗ്രാമങ്ങൾ കൂടുതൽ സമ്പന്നമാകുമ്പോൾ ഭാരതവും വളർച്ച കൈവരിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കുറിച്ചു.