തൃശൂർ: പട്ടിണിപ്പാവങ്ങളുടെ ചോരപ്പണം തുരന്നെടുത്തുകൊണ്ട് പോയവരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ ജനങ്ങൾ തൂത്തെറിഞ്ഞെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ ബിജെപിയുടെ വിജയം അംഗീകരിക്കാൻ സിപിഎമ്മിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ തൃശൂർ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
“കേരളത്തിന്റെ സ്വപ്നവും ആഗ്രഹവും മോഹവുമെല്ലാം ഉയർത്തിക്കാട്ടുകയാണ് ബിജെപി. രണ്ടിൽ നിന്ന് എട്ടിലും 80-ലുമെത്തി, ഇപ്പോൾ രാജ്യത്ത് ഭരണം കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്ന് ബിജെപി തുടക്കം കുറിക്കണമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര നേതൃത്വത്തിന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു.
മുഖ്യമന്ത്രിയും സർക്കാരും പൂരവും കിരീടവുമൊക്കെ സംസാരിക്കാതെ കരുവന്നൂരിനെ കുറിച്ച് മാത്രം സംസാരിക്കാൻ തയാറാവൂ. അക്കാര്യത്തിൽ മാത്രം ജനങ്ങൾക്ക് ഉത്തരം നൽകൂ. ജനങ്ങൾക്ക് സാന്ത്വനം നൽകാൻ കഴിയണം. അങ്ങനെ ജനങ്ങളെ സാന്ത്വനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ബിജെപിക്ക് മാത്രമാണ്”.
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സമാന മതവിചാര ചിന്താഗതിയുള്ളവർക്കും സുരേന്ദ്രൻ വയറുനിറച്ച് മറുപടി കൊടുത്തിട്ടുണ്ട്. അതിനോട് ഞാൻ പൂർണമായും യോജിക്കുന്നു. എല്ലാത്തിനും ഒരു ദൈവികതയുണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു.
സനാതനധർമത്തിൽ വിശ്വസിക്കുന്നവരുടെ നെഞ്ചത്ത് ചെണ്ട കൊട്ടാൻ എല്ലാവർക്കും താത്പര്യമാണെന്നും ബിജെപിയുടെ വളർച്ചയിൽ സിപിഎമ്മിന് ഭയമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. “രാജ്യത്തെ ഐക്യം തല്ലികെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. തമ്മിലടിച്ച് ചോര കുടിക്കാനാണ് അവർ നോക്കുന്നത്.
ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞപ്പോൾ കേരളത്തിലെ ഏതെങ്കിലും ഒരു സ്ത്രീ തയാറായോ. ഡിവൈഎഫ്ഐ, എസ്എഫ്ഐ വനിതാ നേതാക്കളോ പോലും അതിന് തയാറായില്ല. അവസാനം ആന്ധ്രപ്രദേശിലുള്ള കൂട്ടരെയാണ് പിണറായി കൊണ്ടുവന്നത്. മുഖ്യമന്ത്രി പറഞ്ഞാൽ ആചാരങ്ങൾ തിരുത്താൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ല” – എന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.