അപ്രതീക്ഷിതമായ സമയത്താണ് ഐഎസ്ആർഒയുടെ തലപ്പത്ത് കേന്ദ്രം അഴിച്ചുപ്പണി നടത്തിയ വിവരം പുറത്തുവന്നത്. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസിന്റെ മേധാവിയായ ഡോ. വി. നാരായണനെ ഐഎസ്ആർഒ മേധാവിയായി നിയമിച്ച വാർത്ത ഇന്നലെ രാത്രിയാണ് ലോകം അറിഞ്ഞത്. തന്നെ ഏൽപ്പിച്ച മഹത്തായ പദവിക്ക് നന്ദി അറിയിക്കുകയാണ് നിയുക്ത ചെയർമാൻ.
രാജ്യത്തെ സേവിക്കാൻ തന്നെ തെരഞ്ഞെടുത്തതിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും നാരായണൻ നന്ദി പറഞ്ഞു. വലിയ ബഹുമതിയാണ് പുതിയ സ്ഥാനലബ്ധി. വലിയ ഉത്തരവാദിത്തമാണ് മുന്നിലുള്ളതെന്നും രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ പരിശ്രമിക്കും. വിക്രം സാരാഭായി അടക്കമുള്ള പ്രമുഖർ വഹിച്ച സ്ഥാനത്തേക്ക് പരിഗണിച്ചതിൽ രാജ്യത്തോട് നന്ദി പറയുന്നു. എല്ലാവരുടെ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം പ്രതികരിച്ചു.
നിലവിലെ ചെയർമാൻ എസ്. സോമനാഥിന്റെ കാലാവധി കഴിയുന്നതിനാലാണ് തലപ്പത്ത് മാറ്റം. രണ്ട് വർഷത്തേക്കാണ് നിയമനം. ജനുവരി 15 വരെയാണ് എസ് സോമനാഥിന്റെ കാലാവധി. 16-ന് വി. നാരായണൻ ചുമതലയേൽക്കും.
ISRO തലപ്പത്ത് മാറ്റം; ഇസ്രോയുടെ പുതിയ ചെയർമാനായി ഡോ. V നാരായണൻ
കന്യാകുമാരി സ്വദേശിയാണ് വി. നാരായണൻ. ജിഎസ്എൽവി മാർക്ക് സി3 ക്രയോജനിക് പ്രൊജക്ട് ഡയറക്ടറായിരുന്നു. റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പൽഷൻ വിദഗ്ധനാണ് അദ്ദേഹം.