കൊറിയൻ ഡ്രാമകൾക്ക് വലിയ തോതിൽ സ്വീകാര്യത ലഭിച്ചതോടെ അവയ്‌ക്കൊപ്പം കടന്നുകൂടിയവയാണ് കൊറിയക്കാരുടെ ചർമസംരക്ഷണ രീതികളും. ചർമത്തിൽ യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഗ്ലാസ് സ്കിൻ ഫേസ് മാസ്ക് ആണ് അക്കൂട്ടത്തിൽ ഏറെ പ്രചാരം നേടിയത്. ബ്യൂട്ടി പാർലറുകളിൽ കാശുകളയാതെ വീട്ടിൽ തന്നെ ഇതുണ്ടാക്കിയാലോ? കൊറിയൻ മാസ്ക് വീട്ടിൽ നിർമ്മിക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ: 1/4 കപ്പ് പച്ചരി,1കപ്പ് പാൽ, 3/4 കപ്പ് വെള്ളം, ഒരു ടേബിൾ സ്പൂൺ തേൻ
കൊറിയൻ മാസ്ക് നിർമ്മിക്കുന്നതിങ്ങനെ:
പച്ചരി നന്നായി കഴുകി തോർത്തി വൃത്തിയാക്കിയെടുക്കുക. ഒരു നോൺസ്റ്റിക്ക് പാനിലേക്ക് വെള്ളം പാലും അരിയും ചേർത്ത് ചൂടാക്കണം.ചെറു തീയിൽ വേണം അരി വേവിച്ചെടുക്കാൻ. 25 മുതൽ 30 മിനിറ്റ് സമയം വേണ്ടി വരും. പാത്രത്തിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ഈ മിശ്രിതം ഇടയ്‌ക്കിടയ്‌ക്ക് സ്പൂൺ ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കണം. അരി വെന്തുവെന്ന് ഉറപ്പാക്കിയ ശേഷം ഈ മിശ്രിതം മിക്‌സിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. പേസ്റ്റിന് കട്ടികൂടിയാൽ അല്പം വെള്ളം കൂടെ ചേർക്കാവുന്നതാണ്. അവസാനമായി ഒരു ടേബിൾ സ്പൂൺ തേൻ കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ചാൽ കൊറിയൻ മാസ്കിനുള്ള മിശ്രിതം റെഡി ആയി. ഉപയോഗിച്ച ശേഷം ഇത് അടച്ചുറപ്പുള്ള പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.