തിരുവനന്തപുരം: രണ്ടര വയസുകാരിയെ അങ്കണവാടി ടീച്ചർ മർദിച്ചതായി പരാതി. തിരുവനന്തപുരം വെമ്പായം ചിറമുക്കിലാണ് സംഭവം.
ചിറമുക്ക് സ്വദേശികളായ സീന-മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് മർദനമേറ്റത്. ഷൂ റാക്കിന്റെ കമ്പിയൂരി അടിച്ചെന്നാണ് രക്ഷിതാക്കളുടെ ആരോപണം. കുട്ടിയുടെ കയ്യിൽ അടിയേറ്റ പാടുണ്ട്. ടീച്ചർ ബിന്ദുവിനെതിരെ രക്ഷിതാക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി.
സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അങ്കണവാടിയിൽ കുഞ്ഞുങ്ങളെ തല്ലുന്നത് സ്ഥിരമാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. കുട്ടി നോട്ട് എഴുതാത്തതിന് ഷൂ റാക്കിന്റെ കമ്പിയൂരി ടീച്ചർ അടിച്ചു എന്നാണ് മാതാപിതാക്കൾ നൽകിയ പരാതി പറയുന്നത്.
എന്നാൽ കുട്ടിയെ താൻ അടിച്ചില്ലെന്നാണ് ടീച്ചറുടെ വാദം. ടോയ്‌ലറ്റിൽ പോയി തിരികെ വന്നപ്പോൾ ഷൂ റാക്കിന്റെ കമ്പി കയ്യിലിരിക്കുന്നത് കണ്ടു. ഇക്കാര്യം ചോദിച്ചപ്പോൾ കൂടെയുള്ള കുട്ടി അടിച്ചുവെന്ന് പെൺകുട്ടി പറഞ്ഞുവെന്നും ടീച്ചർ പറയുന്നു.