ലോകത്തിലെ ഏറ്റവും ഗതാഗത കുരുക്കുള്ള നഗരങ്ങളിൽ ഒന്ന് കേരളത്തിൽ.
എറണാകുളമാണ് കേരളത്തിൽ ഗതാഗത കുരുക്കുള്ള നഗരം. വർഷത്തിൽ 88 മണിക്കൂറാണ് കൊച്ചിക്കാർക്ക് ഗതാഗത കുരുക്ക് കാരണം നഷ്ടപ്പെടുന്നത്. ആഗോള ലൊക്കേഷൻ ടെക്‌നോളജി സ്ഥാപനമായ ‘ടോം ടോം ട്രാഫിക് ഇൻഡക്‌സ്’ ആണ് 2024ലെ ട്രാഫിക് ബ്ളോക്കിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 62 രാജ്യങ്ങളിലായി 500 നഗരങ്ങളാണ് പഠന വിധേയമാക്കിയത്.
ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ കൊൽക്കത്തയാണ് ഒന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ രണ്ടാമതും കൊൽക്കത്തയാണ്. കൊൽക്കത്തക്കാരുടെ 110 മണിക്കൂറാണ് ട്രാഫിക്ക് ബ്ലോക്ക് വിഴുങ്ങുന്നത്. “സിറ്റി ഓഫ് ജോയ്” എന്ന് വിളിക്കപ്പെടുന്ന കൊൽക്കത്തയിൽ 10 കിലോമീറ്റർ പിന്നിടാൻ 34 മിനിറ്റും 33 സെക്കൻഡും വേണം.
ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ബംഗളൂരുവിനാണ്. 34 മിനിറ്റും 10 സെക്കൻഡാണ് ഇവിടെ വേണ്ടത്. പട്ടികയിൽ എട്ടാം സ്ഥാനത്താണ് കൊച്ചി. ഇവിടെ യാത്രാ സമയം 28 മിനിറ്റും 30 സെക്കൻഡുമാണ്. പൂനെ, ഹൈദരാബാദ്, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ന്യൂഡൽഹി എന്നിവയും റിപ്പോർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. കൊളംബിയൻ നഗരമായ ബാരൻക്വില്ലയാണ് ലോകത്തിൽ ഏറ്റവും ട്രാഫിക്ക് ബ്ലോക്കുള്ല നഗരം. 10 കിലോമീറ്റർ പിന്നിടാൻ 36 മിനിറ്റും 6 സെക്കൻഡുമാണ് ഇവിടെ വേണ്ടത്.















