അകാലത്തിലുള്ള മലയാളി മരണങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത് ക്യാൻസറും ഹൃദയാഘാതവുമാണ്. അറേബ്യൻ ഫാസ്റ്റ് ഫുഡ് കടകൾ നാടുനാളെ മുളച്ച് പൊങ്ങിയപ്പോൾ അനാരോഗ്യകരമായ ഭക്ഷണശീലവും നമ്മുക്കിടയിൽ വർദ്ധിച്ചു. വല്ലപ്പോഴും കഴിച്ചിരുന്നു അൽഫാമും ഗ്രില്ല് ചിക്കനും ഇപ്പോൾ ദിവസവും കഴിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി.
ഇത്തരം രുചി നോക്കി പായുമ്പോൾ ഇതിൽ ക്യാൻസറിനു കാരണമായ രാസപദാർഥം കൂടി ഉണ്ട് എന്നോർക്കുന്നത് നല്ലതാണ്. അൽഫാമിലും ഗ്രില്ല് ചെയ്ത് ഇറച്ചിയിലും കരിയും പുകയും ഉണ്ടാകും. കരിഞ്ഞ ആഹാരത്തിൽ ധാരാളം കാർസിനോജനുകൾ ഉണ്ട്. ക്യാൻസറിന്റെ പ്രധാനപ്പെട്ട ഒരു കാരണമാണ് കാർസിനോജനുകൾ. ഇത്തരം ഇറച്ചിയുടെ അമിത ഉപഭോഗം വൻകുടൽ, പാൻക്രിയാറ്റിക്, പ്രോസ്റ്റേറ്റ് ക്യാൻസറുകളിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
മാംസത്തിലെ അമിനോ ആസിഡുകൾ, പഞ്ചസാരകൾ, ക്രിയാറ്റിൻ എന്നിവ ഉയർന്ന ചൂടിൽ ഹെറ്ററോസൈക്ലിക് അമിനുകൾ ഉണ്ടാക്കുന്നു. ഗ്രില്ലിംഗ്, ഫ്രൈയിംഗ് പോലുള്ള ഉയർന്ന ചൂട് ഉൾപ്പെടുന്ന പാചക രീതികൾ ബേക്കിംഗ് അല്ലെങ്കിൽ സ്റ്റീമിംഗ് പോലുള്ള മറ്റ് പാചക രീതികളെ അപേക്ഷിച്ച് ശരീരത്തിന് ഈ ദോഷകരമായ സംയുക്തങ്ങൾ ഉൽപ്പാദിപ്പിക്കും.
വർഷങ്ങളോളം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത്തരം ഇറച്ചി കഴിക്കുന്നത് ക്യാൻസർ അപകടസാധ്യത ഉയർത്തുന്നുവെന്ന് മിനസോട്ട സർവകലാശാലയിലെ ക്യാ ൻസർ വിദഗ്ധനായ റോബർട്ട് ട്യൂറെസ്‌കി പറഞ്ഞു.
കേരളത്തിൽ അൽഫാമിനേക്കാൾ വില്ലൻ അതിന്റെ കുക്കിംഗ് രീതിയാണ്. ഒരിക്കൽ കരിച്ച് പുകച്ച് വയ്ച്ചിരിക്കുന്ന അൽഫാം കസ്റ്റമർ വരുമ്പോൾ ചിക്കൻ വീണ്ടും എടുത്ത് തീയിൽ വയ്‌ക്കുന്നതാണ് ഇവിടത്തെ ഹോട്ടലുകളിടെ പൊതുരീതി. ഇതിലൂടെ ക്യാൻസറിന് കാരണമാകുന്ന ഹെറ്ററോസൈക്ലിക് അമിനുകളും കാർസിനോജനുകളും ധാരാളം ഉണ്ടാകുകയും ചെയ്യും.















