കൊച്ചി: മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. എന്ത് അധികാരത്തിലാണ് കമ്മീഷനെ നിയമിച്ചതെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മനസിരുത്തിയല്ല ജുഡീഷ്യൽ കമ്മിഷന്റെ നിയമനമെന്നും ജുഡീഷ്യൽ കമ്മീഷൻ നിയമനം കണ്ണിൽ പൊടിയിടാനെന്നും കോടതി വിമർശിച്ചു.
മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വഖ്ഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണ് സർക്കാരിനെതിരായ ഹൈക്കോടതിയുടെ ചോദ്യശരങ്ങൾ . നേരത്തെ 104 ഏക്കറോളം ഭൂമി വഖ്ഫ് എന്നു സിവിൽ കോടതി കണ്ടെത്തിയതാണ്.
വീണ്ടും കമ്മീഷനെ വച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ എങ്ങനെ സാധിക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
വഖ്‌ഫെന്നു കണ്ടെത്തിയ ഭൂമിയിലുൾപ്പെടെ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കുകയും കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ വ്യക്തത വരുത്താത്തതിലുമാണ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചത്. വഖ്ഫ് നിയമവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാരാണോ കേന്ദ്രമാണോ എന്നതിലും വ്യക്തത വേണമെന്ന് കോടതി പറഞ്ഞു.
എന്നാൽ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങൾ കമ്മീഷന്റെ പരിധിയിലില്ലെന്നായിരുന്നു ഇതിനു സർക്കാരിന്റെ വാക്കാൽ മറുപടി. പക്ഷേ അക്കാര്യത്തിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട ഹൈക്കോടതി മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ അധികാര പരിധി ഏത് വരെയുണ്ടെന്നും ചോദിച്ചു. കമ്മീഷനെ നിയമിക്കുവാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്നതിലടക്കം ബുധനാഴ്‌ച്ച മറുപടി നൽകണമെന്നും നിർദ്ദേശിച്ചു. തുടർന്ന് ഹർജി ബുധനാഴ്‌ച്ചത്തേക്ക് മാറ്റി.














