‘വടക്കൻ വീരഗാഥ’ റീറിലീസിന് ഒരുങ്ങുന്നതിനിടെ ചിത്രത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് മമ്മൂട്ടി. ഒരു ഉത്സവപ്രതീതിയാണ് വടക്കൻ വീരഗാഥയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്നതെന്നും ചിത്രത്തിന് നൽകുന്ന ബഹുമതിയാണ് റീറിലീസെന്നും മമ്മൂട്ടി പറഞ്ഞു. നടൻ രമേഷ് പിഷാരടിയുമായി നടത്തിയ അഭിമുഖത്തിലാണ് വടക്കൻ വീരഗാഥയുടെ ഓർമകൾ മമ്മൂട്ടി പങ്കുവക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് അഭിമുഖം പുറത്തുവിട്ടത്.
“ആരോമൽ ചേകവരെയും ഉണ്ണിയാർച്ചയെയും കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ ചതിയൻ ചന്തു ആരാണ് എന്നതിനെ കുറിച്ചുള്ള കഥയായിരുന്നു വടക്കൻ വീരഗാഥ. നെഞ്ചുവിരിച്ച് വീരനായി നിൽക്കുന്നവർ മാത്രമല്ല, വിട്ടുകൊടുക്കുന്നവനും വീരനാണെന്ന് തെളിയിക്കുന്ന സിനിമ. ഒരുപാട് സിനിമകൾ ഇന്ന് റീ റിലീസ് ചെയ്യുന്നുണ്ട്. പക്ഷേ, വടക്കൻ വീരഗാഥയെ സംബന്ധിച്ചിടത്തോളം ഇതൊരു ബഹുമതിയാണ്”.
“മലയാള സിനിമയ്‌ക്ക് വേണ്ടി എന്തോ മഹാസംഭവം നടക്കാൻ പോകുന്നുവെന്ന ചിന്ത അന്ന് അഭിനയിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. ചന്തുവും ചന്തുവിന്റെ ഡയലോഗുകളും ഇപ്പോഴും മലയാളികളോടൊപ്പമുണ്ട്. വാളും പരിചയുമൊക്കെ എപ്പോഴും ലൊക്കേഷനിലുണ്ടാകും. മെറ്റൽ ഉപയോഗിച്ചുള്ള വാളുകളാണ് ഉപയോഗിച്ചിരുന്നത്. നല്ല ഭാരമുള്ള വാളുകളാണ്. വാൾ ചാടിപ്പിടിക്കുന്ന ഒരു സീനുണ്ടായിരുന്നു. അതിൽ ഞാൻ പിടിക്കാൻ നോക്കിയതും വാൾ എന്റെ തുടയിൽ കുത്തിക്കയറി. നല്ലതുപോലെ വേദനയെടുത്തു”.
കുതിരയായിട്ട് പൊരുത്തപ്പെടാൻ ഒരുപാട് സമയമെടുത്തിരുന്നു. ഉത്സവപ്രതീതിയാണ് ലൊക്കേഷനിൽ ഉണ്ടായിരുന്നത്. ആനയും കുതിരയുമൊക്കെ ഉണ്ടാവും. ഭയങ്കര ആൾക്കൂട്ടവും ബഹളവുമാണ്. സൊറ പറഞ്ഞിരിക്കാൻ ധാരാളം ആളുകൾ ഉണ്ടായിരുന്നു. അന്ന് കാരവാൻ ഇല്ലാത്തതുകൊണ്ട് വരാന്തയിലും തറയിലുമൊക്കെയായി എല്ലാവരും ഇരിക്കും” മമ്മൂട്ടി പറഞ്ഞു.















