ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര നടനും തമിഴക വെട്രിക്കഴകം നേതാവുമായ വിജയ്‌ക്ക് മാർച്ച് 14 മുതൽ വൈ കാറ്റഗറി സുരക്ഷ ലഭിക്കും.
വിജയ്‌ക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാസം അംഗീകാരം നൽകി.
കഴിഞ്ഞ വർഷം ഫെബ്രുവരി 2 നാണ് നടൻ വിജയ് തമിഴ്‌നാട് വെട്രിക്കഴകം പാർട്ടി ആരംഭിച്ചത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വിജയ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം വിവിധ പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്യാനിരിക്കുകയാണ്. അതേതുടർന്ന് സോഷ്യൽ മീഡിയയിലൂടെ ഭീഷണികൾ ഉയർന്ന സാഹചര്യത്തിലാണ് വിജയ്‌യുടെ സുരക്ഷയ്‌ക്കായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാസം വൈ-കാറ്റഗറി സുരക്ഷ ഉത്തരവിട്ടത്.
8 മുതൽ 11 വരെ സായുധരായ സെൻട്രൽ റിസർവ് സെക്യൂരിറ്റി ഫോഴ്‌സ് കമാൻഡോകളുടെ ഒരു ഗ്രൂപ്പ് , വിജയ്‌ക്ക് തമിഴ്‌നാട്ടിൽ മാത്രം സുരക്ഷ ഒരുക്കും. പൊതുപരിപാടികളിൽ വിദേശ ബൗൺസർമാരാണ് നിലവിൽ വിജയ്‌യുടെ സുരക്ഷ ഉറപ്പാക്കുന്നതെങ്കിലും, ഇനി വിജയ് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് കമാൻഡോകളുടെ സംരക്ഷണയിലായിരിക്കും.















