ധാക്ക: ഷെയ്ഖ് ഹസീന ഉടൻ ബംഗ്ലാദേശിലേക്ക് മടങ്ങിവരുമെന്നും വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അവകാശപ്പെട്ട് അവാമി ലീഗിന്റെ പ്രസ്താവന. പാർട്ടി വൈസ് പ്രസിഡന്റ് റബ്ബി ആലത്തിന്റെ പ്രസ്താവനയാണ് പുറത്ത് വന്നത്. ഷെയ്ഖ് ഹസീനയുടെ അടുത്ത സഹായി കൂടിയാണ് റബ്ബി ആലം.
ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിനെയും ആലം പരിഹസിക്കുന്നുണ്ട്. യൂനുസ് “എവിടെ നിന്നാണ് വന്നത് അവിടേക്ക് തിരിച്ചുപോകണമെന്ന്” അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും പ്രസ്താവനയിലുണ്ട്. രാജ്യം അരക്ഷിതാവസ്ഥയിലാണെന്നും, അന്താരാഷ്‌ട്ര സമൂഹം ഇടപെടണമെന്ന് ആലം ആവശ്യപ്പെട്ടു.
ഇതൊരു തീവ്രവാദ പ്രക്ഷോഭമാണ്. നമ്മുടെ പല നേതാക്കളും ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. അഭയം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യൻ സർക്കാരിനോടും ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്, റബ്ബി ആലം പറഞ്ഞു.
അതേസമയം ഷെയ്ഖ് ഹസീനയുടെ ധൻമോണ്ടിയിലെ വസതിയായ ‘സുദാസധൻ’, കണ്ടുകെട്ടാൻ ധാക്കയിലെ കോടതി ഉത്തരവിട്ടു. ഇന്ത്യയിലേക്ക് പലായനം ചെയ്ത് ചില കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളും പിടിച്ചെടുക്കാൻ ഉത്തരവിട്ടുണ്ട്. കൂടാതെ കുടുംബത്തിന്റെ 124 ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.















