കൊല്ലം: ഉളിയക്കോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച ഫെബിന്റെ സഹോദരിയെ ലക്ഷ്യമിട്ടാണ് പ്രതി തേജസ് രാജ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. പെട്രോളുമായാണ് തേജസ് വീട്ടിലെത്തിയത്. പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാനാണ് പ്രതി പദ്ധതിയിട്ടിരുന്നത്.
തേജസുമായുള്ള ബന്ധത്തിൽ നിന്ന് ഫെബിന്റെ സഹോദരി പിന്മാറിയതാണ് കൊലപാതകത്തിന് കാരണം. തേജസും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബവും സമ്മതിക്കുകയും ചെയ്തു. എന്നാൽ ഈ ബന്ധത്തിൽ നിന്ന് യുവതി പിന്മാറി. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് തേജസ് യുവതിയെ ശല്യപ്പെടുത്തിയിരുന്നു. ഇത് വീട്ടുകാർ വിലക്കിയതോടെയാണ് തേജസിന് വൈരാഗ്യമുണ്ടായത്.
ഫെബിന്റെ വീട്ടിലെത്തിയ പ്രതിയും പെൺകുട്ടിയുടെ അച്ഛനുമായി വാക്കുത്തർക്കമുണ്ടായി. തുടർന്ന് തടയാനെത്തിയ ഫെബിനെ തേജസ് കുത്തുകയായിരുന്നു. ആക്രമണത്തിൽ ഫെബിന്റെ അച്ഛനും പരിക്കേറ്റു. ഫെബിനെ കുത്തിയതിന് ശേഷം കാറിൽ രക്ഷപ്പെട്ട തേജസ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.















