വീട്ടുജോലി കാരണം ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യാൻ സമയം കിട്ടുന്നില്ലെന്ന് പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ. വീട്ടുജോലികൾ ചെയ്യാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്നും ഇതോടെ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞെന്നുമാണ് യുവതിയുടെ പരാതി.
യുപി ഹപൂർ സ്വദേശി നിഷയാണ് ഭർത്താവിനെതിരെ പൊലീസിനെ സമീപിച്ചത്. നിഷയും ഭർത്താവ് ജിതേന്ദ്രയും നോയിഡയിലാണ് താമസം. സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നത് കുറക്കണമെന്നും വീട്ടുജോലി ചെയ്യണമെന്നും ഭർത്താവ് നിർബന്ധിച്ചതോടെയാണ് പ്രശ്നത്തിന്റെ തുടക്കം. ഇൻസ്റ്റഗ്രാം റീൽസ് ചെയ്യുന്നത് കുറഞ്ഞതോടെ രണ്ട് ഫോളോവേഴ്സിനെ നിഷയ്‌ക്ക് നഷ്ടമായി. നിഷയ്‌ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഇത്. തുടർന്ന് നിഷ ബാഗും പാക്ക് ചെയ്ത് ഹാപൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി.
ഇൻസ്റ്റഗ്രാമിൽ ദിവസവും രണ്ട് റീലുകൾ ചെയ്തിരുന്നു. ഇപ്പോൾ പാത്രം കഴുകുന്നതിന്റെയും വീട് വൃത്തിയാക്കുന്നതിന്റെയും തിരക്കായതിനാൽ റീൽ ചെയ്യാൻ സമയം കിട്ടുന്നില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. എന്നാൽ ഭാര്യ എപ്പോഴും ഇൻസ്റ്റഗ്രാമിൽ തിരക്കിലാണെന്നും വീട്ടുജോലികൾ ചെയ്യാറില്ലെന്നും കാണിച്ച് ഭർത്താവും പരാതി നൽകിയിട്ടുണ്ട്.
പരാതി സ്വീകരിച്ച വനിതാ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് അരുണ റായ് ദമ്പതികളോട് നാലുമണിക്കൂറോളം സംസാരിച്ചു. കൗൺസിലിംഗിന് ശേഷം ഒരുമിച്ച് ജീവിക്കാൻ ഇരുവരും സമ്മതിച്ചെന്നും എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു.















