ന്യൂഡൽഹി: ഇന്ത്യൻ രഹസ്യന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റോ) പുതിയ മേധാവിയായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിനെ നിയമിച്ചു. പഞ്ചാബ് കേഡറിലെ 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിലെ മേധാവി രവി സിൻഹയുടെ കാലാവധി ജൂൺ 30-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ജൂലൈ ഒന്നിന് പരാഗ് ജെയിൻ ചുമതലയേൽക്കും.
പരാഗ് ജെയിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ സിന്ദൂറിലെ ഇന്റലിജൻസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ വേളയിൽ ജമ്മു കശ്മീരായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മേഖല.
വ്യോമ നിരീക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന റോയുടെ ഏവിയേഷൻ റിസർച്ച് സെന്ററിന്റെ (ARC) തലവനാണ് നിലവിൽ അദ്ദേഹം. ശ്രീലങ്കയിലെയും കാനഡയിലെയും ഇന്ത്യൻ മിഷനുകളിലും പരാഗ് ജെയിൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാങ്കേതികവും മാനുഷികവുമായ ഇന്റലിജൻസ് സംവിധാനങ്ങൾ സമന്വയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പാടവം നിലവിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ രാജ്യത്തിന് ശക്തിയേകും















