തിരുവനന്തപുരം: ഛത്തീസ്ഗഡിലെ അറസ്റ്റിലായ മലയാളി കന്യാസ്ത്രികൾക്ക് നീതി ലഭ്യമാകുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. അറസ്റ്റിൽ ബിജെപി എന്തു ചെയ്തു എന്ന് സഭാ നേതൃത്വത്തിനും കുടുംബത്തിനും അറിയാം.
സിസ്റ്റർമാർ തെറ്റിദ്ധരിക്കപ്പെട്ടതാണ് വിഷയമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് കൂട്ടിച്ചേർത്തു. രണ്ട് സിസ്റ്റർമാരും റിമാൻഡിൽ ആയതിന് ശേഷമാണ് വിഷയത്തെ കുറിച്ച് അറിയുന്നത്. റെയിൽവേ പ്ലാറ്റ്ഫോമിൽ, പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാതെ ആളുകളെ കാണുകയും റെയിൽവേ പൊലീസ് ചോദിച്ചപ്പോൾ വ്യക്തമായി വിശദീകരിക്കാൻ കഴിയാതെ വന്നതുമാണ് പ്രശ്നമായത്. ഇന്നലെ വൈകിട്ട് മതപരിവർത്തനമോ മനുഷ്യക്കടത്തോ അല്ല എന്ന് മൂന്ന് പെൺകുട്ടികളുടെയും റെയിൽവേ പൊലീസിന് രക്ഷിതാക്കൾ മൊഴി നൽകിയിട്ടുണ്ട്. ജൂഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ നിയമം വഴിയേ മറ്റ് നടപടികൾ നടക്കൂ.
എല്ലാ സഹായവും ബിജെപി സംസ്ഥാന ഘടകം ചെയ്തിട്ടുണ്ടെന്നും ഷോൺ ജോർജ് അറിയിച്ചു. മൂന്നുദിവസമായി കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തിൽ ഇടപെട്ടു. അധികം വൈകാതെ അവർക്ക് നീതി ലഭ്യമാക്കും. ഉത്തരേന്ത്യയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവണം എന്ന് പ്രാർഥിക്കുന്ന കോൺഗ്രസ് ആണ് ഇവിടെ ഉള്ളത്. ന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് വരുന്നതിനുള്ള ആശങ്കയാണ് കോൺഗ്രസിന്. ഇവിടെ വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നവർക്ക് അവിടെ എന്താണ് സംഭവിച്ചതെന്ന് പൊലും കൃത്യമായി അറിയില്ല.
കേരളത്തിന്റെ മുഖ്യമന്ത്രി ഈ നിമിഷം വരെ കന്യാസ്ത്രീകൾക്കുവേണ്ടി എന്താണ് ചെയ്തതെന്നും ഷോൺ ജോർജ് ചോദിച്ചു. രാവിലെ കത്ത് അയച്ചതല്ലാതെ മുഖ്യമന്ത്രി ഒന്നും ചെയ്തില്ലെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.














