ആലപ്പുഴ : സ്വാതന്ത്ര്യസമരത്തിനായി കോൺഗ്രസ് നേതാക്കളെക്കാൾ ത്യാഗം സഹിച്ചയാളാണ് സവർക്കർ എന്ന് തുറന്നു പറഞ്ഞ സിപിഐ ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വി.ഡി. സവർക്കറുടെ പോരാട്ടത്തെ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലെന്ന് വാട്‌സാപ്പ് ഗ്രൂപ്പിൽ പറഞ്ഞതിനാണ് വെൺമണി ലോക്കൽ സെക്രട്ടറി ഷുഹൈബ് മുഹമ്മദിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തത്. ആലപ്പുഴ ജില്ലാ സെക്രട്ടറി എസ്. സോളമന്റെ സാന്നിധ്യത്തിൽ ചേർന്ന ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി യോഗമാണ് നടപടിയെടുത്തതെന്ന് മണ്ഡലം സെക്രട്ടറി സി. സന്ദീപ് പറഞ്ഞു.
കിഴക്കേ ആൽമുക്ക് എന്ന പേരിൽ ചെങ്ങന്നൂർ കൊല്ലകടവ് പ്രദേശത്തെ വാട്‌സാപ്പ് കൂട്ടായ്മയിൽ നടന്ന ചർച്ചയിലായിരുന്നു ഇദ്ദേഹം സവർക്കറെ പ്രശംസിച്ചത്. ‘ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സവർക്കറുടെ പോരാട്ടത്തെ ചരിത്രവിദ്യാർഥികൾക്കൊന്നും കണ്ടില്ലെന്നു നടിക്കാനാകില്ല. ഇതിന്റെ പേരിൽ നിങ്ങളെന്നെ ബിജെപിയാക്കിയാലും കുഴപ്പമൊന്നുമില്ല. അന്തമാനിലെ ജയിലിൽ പീഠത്തിൽ കെട്ടിയുള്ള അടിയും ഇടിയും തൊഴിയുമെല്ലാം കൊണ്ടിട്ടും ജയിലിൽക്കിടന്നവരിൽ ദേശീയത ഊട്ടിയുറപ്പിച്ച് അദ്ദേഹം സ്വാതന്ത്ര്യസമരത്തിനു തയ്യാറാക്കി. 14 വർഷത്തിൽ കൂടുതൽ ജയിലിൽ കിടന്ന സവർക്കർ മോശമൊന്നുമല്ല. സ്വാതന്ത്ര്യസമരത്തിനായി കോൺഗ്രസ് നേതാക്കളെക്കാൾ ത്യാഗം സഹിച്ചയാളാണ് സവർക്കർ’ -മുഹമ്മദ് ഷുഹൈബ് വാട്‌സാപ്പിൽ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന ഒരു കോൺഗ്രസുകാരന്റെ പരാമർശത്തിന് വാട്‌സാപ്പിലൂടെ നൽകിയ മറുപടിയിലെ ഒരു ഭാഗം മാത്രമെടുത്താണ് പ്രചരിപ്പിക്കുന്നതെന്നാണ് ഷുഹൈബ് മുഹമ്മദ് പറയുന്നത്. രാഷ്‌ട്രീയ പ്രവര്‍ത്തകരും നേതാക്കളും അടക്കം 418 അംഗങ്ങളുള്ള ഗ്രൂപ്പിലാണ് സവര്‍ക്കറെ പുകഴ്‌ത്തി സിപിഐ നേതാവ് ഷുഹൈബിന്റെ ശബ്ദസന്ദേശം വന്നത്.















