ടെൽഅവീവ്: സ്വതന്ത്ര പലസ്തീൻ രാഷ്‌ട്രം ഒരിക്കലും നിലവിൽ വരില്ലെന്നും അത് സംഭവിക്കുന്നത് തടയാൻ വെസ്റ്റ് ബാങ്കിൽ കുടിയേറ്റം വ്യാപിപ്പിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. യുകെ, കാനഡ ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സ്വതന്ത്ര പലസ്തീൻ രാഷ്‌ട്രത്തെ അംഗീകരിക്കുമെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
പലസ്തീന്റെ രാഷ്‌ട്രപദവിക്ക് അംഗീകാരം നൽകിയ രാഷ്‌ട്രങ്ങൾക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പുനൽകി. പലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു.ഈ ആഴ്ച നടക്കുന്ന യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പലസ്തീനെ സ്വതന്ത്ര രാഷ്ടമായി അംഗീകരിക്കാനുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ നിലപാടിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കുമെന്ന് നെതന്യാഹു പറഞ്ഞു നെതന്യാഹു യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യും.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രിട്ടൻ സന്ദർശിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് യുകെ പലസ്തീൻ രാഷ്‌ട്രത്തെ അംഗീകരിച്ചത്.ബ്രിട്ടന്റെ പ്രഖ്യാപനത്തെ പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വാഗതം ചെയ്തു. അന്താരാഷ്‌ട്ര നിയമങ്ങൾക്കനുസൃതമായി സമാധാനം കൈവരിക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ് ഇതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്വതന്ത്ര പലസ്തീനെ അംഗീകരിക്കാൻ ഈ രാഷ്‌ട്രങ്ങൾ കാണിച്ച ആർജവത്തെ പലസ്തീൻ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. അമേരിക്കയും ഈ വഴി പിന്തുടരുമെന്നാണ് കരുതുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രത്യാശിക്കുന്നു.















