കോഴിക്കോട്: പെൺകുട്ടികളെ ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. വിദ്യാർത്ഥികളും വിവിധയിടങ്ങളിൽ ജോലി ചെയ്തുവരുന്ന പെൺകുട്ടികളുമാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. ഇവർ പുറത്തുപോയനേരം വീട്ടുടമ എത്തി വീട് പൂട്ടിപോവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
യഥാർത്ഥ ഉടമയുടെ കൈയിൽ നിന്ന് ഒരാൾ വീട് വാടകയ്‌ക്കെടുത്തിരുന്നു. അയാളുടെ കൈയിൽ നിന്ന് മറ്റൊരു യുവതി വീട് വടകയ്‌ക്ക് എടുക്കുകയും പിന്നീട് ഹോസ്റ്റൽ നടത്തുകയുമായിരുന്നു. സംഭവത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതി കുട്ടികളെ പറ്റിക്കുകയായിരുന്നുവെന്നാണ് വിവരം.
വീട് പൂട്ടിയതിനാൽ ഏറെ നേരം പുറത്തുനിന്ന കുട്ടികളെ കാളൂർ റോഡിലുള്ള മറ്റൊരു ഹോസ്റ്റലിൽ താത്ക്കാലികമായി താമസിപ്പിച്ചു. ഹോസ്റ്റൽ നടത്തിയിരുന്ന സ്ത്രീയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലപം അതിന് സാധിച്ചിരുന്നില്ല. പെൺകുട്ടികൾ പൊലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെട്ടതോടെ പൊലീസിന്റെ നിർദേശപ്രകാരം വീട് തുറന്നുനൽകുകയായിരുന്നു.















