പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റി. പല്ലശ്ശേന ഒഴിവുപാറ സ്വദേശി വിനോദിനിയുടെ വലതുകൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണുപരുക്കേറ്റ പെൺകുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കൈ മുറിച്ചുമാറ്റാൻ കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ സെപ്തംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ കുട്ടി വീണു പരിക്കേറ്റത്. ഉടൻ തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടു പോയി. അവിടെ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊണ്ടു പോകാൻ നിർദ്ദേശിച്ചു. അവിടെ നടത്തിയ എക്സറേ പരിശോധനയിൽ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. പിന്നാലെ കുട്ടിയുടെ കൈയിൽ പ്ലാസ്റ്റർ ഇട്ടിട്ട് വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. വേദന കൂടിയതോടെ വീണ്ടും ആശുപത്രിയിൽ എത്തിയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. അപ്പോഴേക്കും പഴുപ്പ് കയറി കൈ കറുപ്പ് നിറമായിരുന്നു. ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും കൈ മുറിച്ചു മാറ്റുകയായിരുന്നു.
പാലക്കാട് ജില്ല ആശുപത്രിയിൽ നിന്നും മുറിവ് നോക്കാതെ കെട്ടി പൊതിഞ്ഞെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞതെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. കൈ നഷ്ടപ്പെട്ട എട്ടുവയസുകാരി ഇപ്പോഴും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.















