ചെന്നൈ: സെപ്റ്റംബർ 27 ന് കരൂരിൽ ടി വി കെ നേതാവ് വിജയ് പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് വയസ്സുള്ള കുട്ടിയും സ്ത്രീകളും ഉൾപ്പെടെ 41 പേർ മരിച്ച ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ട് ബിജെപി സുപ്രീം കോടതിയെ സമീപിച്ചു.
ബിജെപി നേതാവ് ഉമാ ആനന്ദാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. നേരത്തെ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു. ഇതിനെതിരേയാണ് ഉമാ ആനന്ദ് അപ്പീൽ നൽകിയിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീം കോടതി 10 ന് വാദം കേൾക്കും. വിജയ്‌യുടെ പ്രചാരണത്തിന് ശരിയായ സുരക്ഷ നൽകിയില്ലെന്ന് അപ്പീലിൽ ആരോപിക്കുന്നു.
കരൂരിലെ തിക്കിലും തിരക്കിലും പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളും അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജികളും ജസ്റ്റിസുമാരായ ദണ്ഡപാണി, ജ്യോതിരാമൻ എന്നിവരുടെ ബെഞ്ചിന് മുമ്പാകെ ശനിയാഴ്ച വാദം കേട്ടിരുന്നു. യോഗത്തിൽ സംഘർഷമുണ്ടായി. യോഗത്തിന് അനുമതി നൽകിയ പോലീസ് ഇത് അന്വേഷിച്ചാൽ നീതി ലഭിക്കില്ല. അതിനാൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഹർജിക്കാർ പറഞ്ഞിരുന്നു.
എന്നാൽ കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചിട്ട് ഒരു ആഴ്ച പോലും ആയിട്ടില്ലെന്ന് ജഡ്ജിമാർ പറഞ്ഞു. “പോലീസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിക്കാർക്ക് കരൂർ സംഭവവുമായി യാതൊരു ബന്ധവുമില്ല. ഹർജിക്കാർ കരൂർ സംഭവത്തിന്റെ ഇരകളല്ല. നിലവിലെ സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടേണ്ട ആവശ്യമില്ല”. ഹർജികൾ തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
കരൂർ സംഭവത്തെക്കുറിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നുണ്ട്. കരൂർ സംഭവം അന്വേഷിക്കാൻ വിരമിച്ച ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തിൽ ഒരു ഏകാംഗ അന്വേഷണ കമ്മീഷനും രൂപീകരിച്ചിട്ടുണ്ട്.















