റായ്പൂർ: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. റായ്പൂരിലെ ഐഐഐടിയിലാണ് സംഭവം. മൂന്നാം വർഷ വിദ്യാർത്ഥിനികളുടെ ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ആരോപണവിധേയനായ വിദ്യാർത്ഥികളെ കോളേജിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.
ഒക്ടോബർ ആറിനാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ എഐ ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. സംഭവത്തിൽ വിദ്യാർത്ഥികൾ കോളേജ് മാനേജ്മെന്റിന് പരാതി നൽകി. തുടർന്നാണ് വിദ്യാർത്ഥികളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
വിദ്യാർത്ഥിയുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പെൺകുട്ടികളുടെ പരാതി ലഭിച്ച ഉടൻ തന്നെ പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കൂടാതെ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
കോളേജ് അധികൃതർ പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈൽ ഫോൺ, പെൻഡ്രൈവ് തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ പൊലീസിന് കൈമാറും. അന്വേഷണസംഘം ഉടൻ തന്നെ കോളേജ് സന്ദർശിച്ച് വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തും.















