കൊച്ചി: ഇന്നോവയുമായി റോഡിലിറങ്ങിയ പതിനാറുകാരൻ നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് രാവിലെ എറണാകുളം ഞാറയ്‌ക്കലിലാണ് സംഭവം. ലക്കും ലഗാനുമില്ലാതെ പായുന്ന ഇന്നോവയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു വൃദ്ധയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു.
അലക്ഷ്യമായി കിലോമീറ്റുകളോളം പാഞ്ഞ കാർ തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. പലരും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
പതിനാറുകാരന്റെ അച്ഛന്റെ പേരിലുള്ളതാണ് കാർ. കാറിൽ സമപ്രായക്കാരായ രണ്ടു പേരും കൂടിയുണ്ടായിരുന്നു. വീട്ടുകാർ അറിയാതെ കാറുമെടുത്ത് പുറത്തിറങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കായംകുളം രജിസ്ട്രേഷനുള്ളതാണ് കാർ. കലൂരിൽ താമസിക്കുന്ന ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു വാഹനവും ഇപ്പോൾ സ്റ്റേഷനിലാണ്















