തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട സുരേഷിന് ക്രിമിനൽ പശ്ചാത്തലം. പോക്കറ്റടിക്കാരനായിരുന്ന ഇയാൾ സ്ഥിരം പ്രശ്നക്കാരനായിരുന്നു.
സുരേഷ് കുമാർ മദ്യപിച്ച് വീട്ടിൽ സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായും പരാതിയുണ്ട്. ഭാര്യയെ സ്ഥിരമായി മർദിച്ചിരുന്നു. ഉപദ്രവം സഹിക്കാതെ ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കൾ കഴിയുന്നത് സഹോദരന്റെ വീട്ടിലാണ്. വീട്ടുകാരും നാട്ടുകാരുമായി അകന്നാണ് ഇയാൾ കഴിഞ്ഞിരുന്നത്.
യുവതിയെ തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. വാതിലിന് സമീപത്ത് നിന്നും മാറിക്കൊടുക്കാത്തതാണ് യുവതിയെ പ്രതി സുരേഷ് തള്ളിയിടാൻ കാരണം എന്നും എഫ്ഐആറിൽ പറയുന്നു. വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം യുവതിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്. ആന്തരീക രക്തസ്രാവം ഉള്ളതിനാൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്.















