ന്യൂഡൽഹി: ഡൽഹി ഭീകരാക്രമണത്തിന് ആഴ്ചകൾക്ക് മുമ്പ്, പുൽവാമ സൂത്രധാരന്റെ ഭാര്യ ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിൽ ചേർന്നു. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഉമർ ഫറൂഖിന്റെ വിധവ അഫീറ ബീബിയാണ് ജമാത്തുൾ മൊമിനാത്തിൽ ചേർന്നത്. ജമാത്തുൾ മൊമിനാത്തിന്റെ ഷൂറയിൽ (ഉപദേശക സമിതി) അംഗമാണ് ഇവർ. ജെയ്ഷ തലവൻ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരിയും സാദിയ അസ്ഹറിനൊപ്പാണ് ഇവരുടെ പ്രവർത്തനം.ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട കാണ്ഡഹാർ വിമാനറാഞ്ചൽ സൂത്രധാരൻ യൂസഫ് അസ്ഹറിന്റെ ഭാര്യയാണ് സാദിയ അസ്ഹർ.
2019 ഫെബ്രുവരി 14നാണ് പുൽവാമ ഭീകരാക്രമണം നടന്നത്. അഫീറ ബീബിയുടെ ഭർത്താവ് ഉമർ ഫറൂഖാണ് സൂത്രധാരൻ. സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. 40 സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്. 2019 ൽ ജമ്മു കശ്മീരിലെ ഡാച്ചിഗാം നാഷനൽ പാർക്കിൽ വച്ച് ഉമറിനെ സൈന്യം വെടിവച്ചു കൊന്നു.
ഇന്ത്യയിലെ ജമാത്തുൾ മൊമിനാത്തിന്റെ പ്രധാനിയാണ് ഫരീദാബാദ് വൈറ്റ് മൊഡ്യൂളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീൻ സയീദ്. ഡൽഹി ഭീകരാക്രണത്തിന്റെ ഗൂഢാലോചനയിൽ പങ്കാളിയാണ് ഇവർ എന്നാണ് റിപ്പോർട്ട്.
ഒക്ടോബർ 8 നാണ് വനിതാ ബ്രിഗേഡ് രൂപീകരിക്കുന്നതായി മസൂദ് അസർ പ്രഖ്യാപിച്ചത്. ഒക്ടോബർ 19 ന് ഇതിന്റെ ഭാഗമായി പിഒകെയിലെ (പാക് അധിനിവേശ കാശ്മീർ) റാവൽകോട്ടിൽ ‘ദുഖ്തരൻ-ഇ-ഇസ്ലാം’ എന്ന പേരിൽ ഒരു പരിപാടി നടന്നിരുന്നു. ഐസിസ്, ഹമാസ്, എൽടിടിഇ എന്നിവയുടെ മാതൃകയിൽ സ്ത്രീകളെ ഉപയോഗിച്ച് ശൃംഖല ശക്തിപ്പെടുത്താനും ഫിദായീൻ (ചാവേർ) ആക്രമണങ്ങൾക്ക് അവരെ സജ്ജമാക്കാനുമാണ് ജെയ്ഷെ ശ്രമിക്കുന്നതെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.















