കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടുംചാലില്‍ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. തൊട്ടില്‍പ്പാലത്ത് നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് എതിര്‍ദിശയില്‍ നിന്ന് വളവും കയറ്റവും കയറി എത്തിയ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറി ഡ്രൈവര്‍ ക്യാബിനുള്ളില്‍ കുടുങ്ങുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ലോറിയുടെ ക്യാബിന് പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി. തുടര്‍ന്ന് 15 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് 15 പേര് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.















